പൃഥ്വിരാജിന്റെ ആടുജീവിതത്തിലെ പ്രകടനത്തെക്കുറിച്ച് ബെന്യാമിന്‍

ടുജീവിതത്തിന്റെ പകുതി വരെയുള്ള സീനുകള്‍ ഞാന്‍ കണ്ടു. ഷൂട്ട് ഇടയ്ക്ക് വച്ച് ബ്രേക്ക് ചെയ്തിരുന്നല്ലോ. ആ സമയത്ത് ഒരു ദിവസം ഞങ്ങള്‍ എല്ലാവരും കൂടി ഇരുന്ന്- ഞാനും പൃഥ്വിരാജും ബ്ലെസിയും പിന്നെ പ്രധാനപ്പെട്ട മറ്റ് ആളുകളും കൂടി ഇരുന്നിട്ട് എന്താണ് രണ്ടാം പകുതിയില്‍ വരുത്തേണ്ട മാറ്റം എന്നൊക്കെ സംസാരിച്ചിരുന്നു. പക്ഷേ ചിത്രം ഒരു സമ്പൂര്‍ണ്ണ രൂപത്തില്‍ കണ്ടിട്ടില്ല. അവസാന ഭാഗങ്ങള്‍ കാണാനുണ്ട്. വിഎഫ്എക്സ് ഒക്കെ ചെയ്ത് എല്ലാവിധ തെളിമയോടും കൂടി.. ശബ്ദമൊക്കെ മിക്സ് ചെയ്തതിന് ശേഷം കണ്ടിട്ടില്ല”, ബെന്യാമിന്‍ പറയുന്നു.

ബെന്യാമിന്റെ ജനപ്രിയ നോവലിനെ ആസ്പദമാക്കി ബ്ലെസി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ നജീബ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ്. 2013 ല്‍ പുറത്തിറങ്ങിയ കളിമണ്ണിന് ശേഷം ബ്ലെസി ഈ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നതാണ്. പൃഥ്വിരാജിനെ സംബന്ധിച്ചും ഏറെ വെല്ലുവിളി നിറഞ്ഞതും കരിയറില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ളതുമായ കഥാപാത്രമാണ് ചിത്രത്തിലേത്. പോസ്റ്റ് പ്രൊഡക്ഷനിലാണ് നിലവില്‍ ഈ ചിത്രം. ഇപ്പോഴിതാ ആടുജീവിതത്തിന്റെ സിനിമാരൂപവുമായി തനിക്കുള്ള പരിചയത്തെക്കുറിച്ച് പറയുകയാണ് ബെന്യാമിന്‍. സിനിമയുടെ പകുതി വരെയുള്ള സീനുകള്‍ താന്‍ കണ്ടെന്ന് പറയുന്നു ബെന്യാമിന്‍.

ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയാണ് ഉള്ളതെന്നും ബെന്യാമിന്‍ പറയുന്നു- “വലിയ സന്തോഷം തോന്നി പകുതി വരെ കണ്ടപ്പോള്‍. ഭയങ്കര അര്‍പ്പണത്തോടെ അവര്‍ അത് ചെയ്തിട്ടുണ്ട്”. പൃഥ്വിരാജിന്റെ താരപരിവേഷം ചിത്രത്തെ മോശമായി ബാധിക്കുമെന്ന് കരുതിയിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെ- “പൃഥ്വിരാജിന്റെ ഇമേജ് ഭാരമാകുമോ എന്ന ആശങ്ക എനിക്കുമുണ്ടായിരുന്നു. പക്ഷേ ഷൂട്ടിംഗ് സ്ഥലത്ത് ആദ്യദിനം ചെന്നപ്പോള്‍ തന്നെ മനസിലായി പൃഥ്വിരാജ് ഒരു ഭാരമാവില്ല, ഗുണമേ ആവൂ എന്ന്. ഇതുവരെ കണ്ട പൃഥ്വിരാജില്‍ നിന്ന് വളരെ വ്യത്യസ്തനായ ഒരു പൃഥ്വിരാജിനെയായിരിക്കും ആടുജീവിതത്തില്‍ കാണുക”, ബെന്യാമിന്‍ പറഞ്ഞവസാനിപ്പിക്കുന്നു

Top