ബന്ദികളേ തിരിച്ചെത്തിക്കാന്‍ ഇസ്രയേല്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ്: ഗാസയിലുള്ള എല്ലാ ബന്ദികളേയും തിരിച്ചെത്തിക്കാന്‍ ഇസ്രയേല്‍ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇത് യുദ്ധത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തലിന് പിന്നാലെ ഹമാസ് ബന്ദികളാക്കിയിരുന്ന ഇസ്രയേലികളെ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ നെതന്യാഹു എക്‌സ് പ്ലാറ്റ് ഫോമില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

താത്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ഗാസയില്‍ കഴിഞ്ഞദിവസം നിലവില്‍വന്നിരുന്നു. ഒന്നരമാസംനീണ്ട യുദ്ധത്തിനാണ് ഇതോടെ താത്കാലിക ഇടവേള വന്നത്. പ്രാദേശികസമയം വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് നാലുദിവസത്തെ വെടിനിര്‍ത്തല്‍ നിലവില്‍വന്നത്.കുട്ടികളും അവരുടെ അമ്മമാരും സ്ത്രീകളും അടക്കമുള്ള ബന്ദികളുടെ ആദ്യ സംഘത്തെ തിരികെ രാജ്യത്തെത്തിക്കാന്‍ സാധിച്ചുവെന്ന് പറഞ്ഞ നെതന്യാഹു, ഹമാസ് ബന്ദികളാക്കിയിരിക്കുന്ന എല്ലാ ഇസ്രയേലികളേയും തിരികെ എത്തിക്കാനുള്ള നടപടികളില്‍ ഏര്‍പ്പെടുമെന്നും ഉറപ്പുനല്‍കി. യുദ്ധത്തിന്റെ എല്ലാ ലക്ഷ്യവും നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈകീട്ടോടെ സ്ത്രീകളും കുട്ടികളുമടക്കം 24 ബന്ദികളെയാണ് ഹമാസ് വിട്ടയച്ചത്. 13 ഇസ്രയേലുകാരും 10 തായ് പൗരരും ഒരു ഫിലിപ്പീന്‍സുകാരനും വിട്ടയച്ച ബന്ദികളുടെ കൂട്ടത്തിലുണ്ടെന്ന് ഖത്തര്‍ അറിയിച്ചു. റെഡ് ക്രോസ് ഇവരെ റാഫ അതിര്‍ത്തിയിലൂടെ ഇസ്രയേലിന് കൈമാറി. ഇസ്രയേലി രഹസ്യാന്വേഷണ ഏജന്‍സിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാകും ഇവരെ ബന്ധുക്കള്‍ക്ക് കൈമാറുക. 24 സ്ത്രീകളും 15 കുട്ടികളുമടക്കം 39 പലസ്തീന്‍ തടവുകാരെ ഇസ്രയേലും സ്വതന്ത്രരാക്കി. വെസ്റ്റ് ബാങ്കിലെ ഓഫെര്‍ പട്ടാളക്യാമ്പില്‍നിന്നാണ് ഇവരെ റെഡ്ക്രോസിന് കൈമാറി.ഒരു ബന്ദിക്കുപകരം മൂന്നുതടവുകാര്‍ എന്നതോതിലാണ് വിട്ടയക്കുക. ബുധനാഴ്ചയാണ് ഇരുകൂട്ടരും താത്കാലിക യുദ്ധവിരാമക്കരാര്‍ അംഗീകരിച്ചത്.നാലുദിവസംകൊണ്ട് ഘട്ടംഘട്ടമായി 50 ബന്ദികളെയും 150 പലസ്തീന്‍ തടവുകാരെയും പരസ്പരം കൈമാറാനാണ് കരാറില്‍ ധാരണയായത്.

 

Top