നെതന്യാഹു ഇന്ത്യ സന്ദർശിക്കുന്നതിനു പിന്നിൽ തിരഞ്ഞെടുപ്പ് ജയവും ലക്ഷ്യം !

സ്രയേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തിന് പിന്നില്‍ തെരഞ്ഞെടുപ്പ് അജണ്ടയും. ഇസ്രയേലില്‍ സെപ്തംബര്‍ 17ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയത്തിനപ്പുറം മറ്റൊന്നും ബെഞ്ചമന്‍ നെതന്യാഹു പ്രതീക്ഷിക്കുന്നില്ല. കാരണം അത് അദ്ദേഹത്തെ സംബന്ധിച്ച് അഭിമാനപ്രശ്നമാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് ഇസ്രയേലില്‍ സ്ഥാപിച്ച ബോര്‍ഡില്‍ നെതന്യാഹുവിനൊപ്പം മോദിയുടെ ഫോട്ടോയും ഉള്‍പ്പെടുത്തിയിരുന്നു. ഇത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമാണ്.

ഏറ്റവും ശക്തരായ പ്രധാനമന്ത്രിമാരായാണ് നെതന്യാഹുവും മോദിയും നിലവില്‍ അറിയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദവും ആഴത്തിലുള്ളതാണ്. ഇന്ത്യയെപോലെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സൗഹൃദം ആഴത്തിലാക്കിയത് നെതന്യാഹു ഇസ്രയേല്‍ പ്രധാനമന്ത്രിയായതിനു ശേഷമാണ്.

പലസ്തീന്‍ സന്ദര്‍ശിക്കാതെ നേരിട്ട് ഇസ്രയേല്‍ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. നെതന്യാഹുവുമായുള്ള മോദിയുടെ അടുപ്പമാണ് ഇതില്‍ നിര്‍ണ്ണായകമായിരുന്നത്. ഇക്കാര്യം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നെതന്യാഹു വിഭാഗം വ്യാപകമായി ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്. തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ എത്തുന്നതോടെ നെതന്യാഹു ലക്ഷ്യമിടുന്നതും ഇസ്രയേലിലെ തന്റെ വിജയം തന്നെയാണ്.

നിരവധി സുപ്രധാന കരാറുകളിലാണ് ഇന്ത്യയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ഈ സന്ദര്‍ശന വേളയില്‍ ഒപ്പുവയ്ക്കാന്‍ പോകുന്നത്. ഇന്ത്യയെ സംബന്ധിച്ചും ഏറെ പ്രധാനപ്പെട്ടതാണിത്. ഇന്ത്യയുടെ പ്രതിരോധ കവചം തന്നെ ഇസ്രയേല്‍ ടെക്നോളജിയാല്‍ കെട്ടിപടുത്തതാണ്. ബാലക്കോട്ടെ ഭീകരതാവളം തകര്‍ത്തതും ഇസ്രയേലിന്റെ ആധുനിക ലേസര്‍ ബോംബുകള്‍ ഉപയോഗിച്ചായിരുന്നു.

ഇന്ത്യന്‍ വ്യോമസേനയ്ക്ക് വേണ്ടി രണ്ട് വ്യോമനിരീക്ഷണ സംവിധാനങ്ങളും ആകാശത്തില്‍ നിന്നും ആകാശത്തിലേക്ക് തൊടുക്കാന്‍ കഴിയുന്ന ഡെര്‍ബി മിസൈലുകള്‍ കൈമാറുന്ന കരാറിലും ഇസ്രയേല്‍ ഒപ്പുവയ്ക്കും. കൃഷി, ജലസേചനം, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനും മോദിയും നെതന്യാഹുവും ചര്‍ച്ചകള്‍ നടത്തും.

ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ടായി വിഭജിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ നെതന്യാഹു സന്ദര്‍ശനവേളയില്‍ പ്രശംസിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിരോധ മേഖലയില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കുന്ന രണ്ട് ഫാല്‍ക്കന്‍ അവാക്‌സ് വ്യോമനിരീക്ഷണ സംവിധാനം ഇസ്രായേലില്‍ നിന്നും വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. സുരക്ഷാ ചുമതലയുള്ള ക്യാബിനറ്റ് കമ്മിറ്റി ഉടന്‍ തന്നെ ഇതിന് അന്തിമാനുമതി നല്‍കുമെന്നാണ് വിവരം. ശത്രുരാജ്യങ്ങളുടെ വ്യോമനീക്കങ്ങള്‍ മണത്തറിഞ്ഞ് മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്ന അഞ്ച് ഫാല്‍ക്കന്‍ അവാക്‌സ് വിമാനങ്ങള്‍ നിലവില്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാണ്.

ബലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നേരെ ആകാശത്ത് നിന്നും തൊടുക്കാവുന്ന ദീര്‍ഘദൂര ഡെര്‍ബിസ് മിസൈലുകള്‍ പാകിസ്ഥാന്‍ തൊടുത്തിരുന്നു. ഏതാണ്ട് 27 കിലോമീറ്റര്‍ റേഞ്ചുള്ള ഈ മിസൈലിന്റെ ഭീഷണി നേരിടാന്‍ പറ്റിയൊരു മിസൈല്‍ വാങ്ങണമെന്ന് വ്യോമസേന സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സുഖോയ് 30 പ്ലാറ്റ്ഫോമില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന ഇസ്രയേല്‍ നിര്‍മിത ഡെര്‍ബി മിസൈലുകള്‍ ഇപ്പോള്‍ വാങ്ങുന്നത്.

പാക്കിസ്ഥാന്റെ കൈവശമുള്ള അമേരിക്കന്‍ നിര്‍മ്മിത അത്യാധുനിക എഫ് 16 വിമാനങ്ങളെ പോലും തകര്‍ക്കാന്‍ കഴിയുന്നവയാണ് ഇവ. ഇതിന് പുറമെ ഇന്ത്യന്‍ പ്രതിരോധ ഗവേഷണ കേന്ദ്രവുമായി ചേര്‍ന്ന് വിവിധ തരത്തിലുള്ള മിസൈലുകള്‍ നിര്‍മിക്കാനും ഇസ്രയേല്‍ പദ്ധതിയിടുന്നുണ്ട്. ഇക്കാര്യത്തിലും മോദി- നെതന്യാഹു കൂടികാഴ്ചയില്‍ തീരുമാനമാകും. ഈ സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തെ പാക്കിസ്ഥാനും വലിയ ആശങ്കയോടെയാണ് കാണുന്നത്.

Staff Reporter

Top