ഏറ്റവും കൂടുതല്‍ കാലം ഇസ്രായേല്‍ ഭരിച്ചത് ബെഞ്ചമിന്‍ നെതന്യാഹു

ജറുസലേം: ഏറ്റവും കൂടുതല്‍ കാലം ഇസ്രായേല്‍ ഭരിച്ച പ്രധാനമന്ത്രി എന്ന സ്ഥാനം ഇനി ബെഞ്ചമിന്‍ നെതന്യാഹുവിന് സ്വന്തം. 69 കാരനായ നെതന്യാഹു പ്രധാനമന്ത്രി സ്ഥാനം കൈകാര്യം ചെയ്യാന്‍ തുടങ്ങിയിട്ട് 4,876 ദിവസമായി.

ഇസ്രായേലിന്റെ പ്രഥമ പ്രധാനമന്ത്രി ഡെവിഡ് ബെന്‍ ഗുറിയോണിനെ പിന്തള്ളിയാണ് നെതന്യാഹു ഈ നേട്ടം സ്വന്തമാക്കിയത്. 4,875 ദിവസമാണ് ബെന്‍ ഗുറിയോണിന്റെ ഭരണകാലം.

1996 ജൂണ്‍ 18 മുതല്‍ 1999 ജൂലൈ 6 വരെയുള്ള കാലയളവിലായിരുന്നു നെതന്യാഹു ആദ്യമായി പ്രധാനമന്ത്രി സ്ഥാനം കൈകാര്യം ചെയ്തത്. 46-ാം വയസില്‍ ഇസ്രായേലിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടത്തോടെയായിരുന്നു അദ്ദേഹം അധികാരത്തിലേറിയത്. പിന്നീട് 2009 മാര്‍ച്ച് മുതല്‍ തുടര്‍ച്ചയായി ഭരണത്തില്‍ തുടരുകയാണ്.

അതേസമയം, അഞ്ചാംവട്ടം അധികാരത്തിലേറിയ നെതന്യാഹുവിന് പക്ഷേ ഭൂരിപക്ഷം ഉറപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നു സെപ്തംബര്‍ 17-ന് വീണ്ടും ജനവിധി തേടുകയാണ്.

Top