പലസ്തീന്‍ പ്രദേശങ്ങള്‍ക്ക് മുകളിലുള്ള ഇസ്രയേലിന്റെ നിയന്ത്രണം തുടരും: ബെഞ്ചമിന്‍ നെതന്യാഹു

ലസ്തീന്‍ പ്രദേശങ്ങള്‍ക്ക് മുകളിലുള്ള ഇസ്രയേലിന്റെ നിയന്ത്രണം തുടരണമെന്ന് വീണ്ടും ആഹ്വാനം ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സ്വതന്ത്ര പലസ്തീനായി പ്രതിജ്ഞാബദ്ധരാകണമെന്നുള്ള അമേരിക്കയുടെയും മറ്റ് രാജ്യങ്ങളുടെയും സമ്മര്‍ദ്ദത്തെ പരസ്യമായി എതിര്‍ക്കുകയായിരുന്നു നെതന്യാഹു.പലസ്തീന്റെ ഭാവിയെ സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും നെതന്യാഹുവും വെള്ളിയാഴ്ച ഫോണ്‍ മുഖേന ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഗാസയുമായുള്ള സംഘര്‍ഷം അവസാനിച്ചാല്‍ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഭാവിഭരണത്തെ സംബന്ധിച്ച് അമേരിക്കയുമായുള്ള പൊതുഭിന്നത വര്‍ധിപ്പിക്കുന്നതാണ് നെതന്യാഹുവിന്റെ പ്രതികരണം.

അതേസമയം, ഹമാസ് നേതാക്കള്‍ ഒളിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കുന്ന ഖാന്‍ യൂനുസില്‍ ഇസ്രേയല്‍ സൈന്യം തിരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞ ദിവസം ആശുപത്രി പരിസരത്തുള്‍പ്പെടെ ആക്രമണങ്ങളുമുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളില്‍ പ്രദേശത്ത് 165 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 24,927 പേര്‍ കൊല്ലപ്പെടുകയും 62,388 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

എന്നാല്‍ ഇതില്‍ നിന്നും ഭിന്നമായിരുന്നു ഇന്നലെ പുറത്തുവന്ന നെതന്യാഹുവിന്റെ പ്രസ്താവന. ഇസ്രയേല്‍ ഹമാസിനെ ഇല്ലാതാക്കിയാലും ഗാസ ഒരിക്കലും രാജ്യത്തിന് ഭീഷണിയാകാതിരിക്കാന്‍ ഗാസയുടെ മേലുള്ള സുരക്ഷാ നിയന്ത്രണം നിലനിര്‍ത്തുമെന്ന് ബൈഡനുമായി നടത്തിയ ചര്‍ച്ചയില്‍ നെതന്യാഹു വ്യക്തമാക്കിയതായി ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതിന് പിന്നാലെയായിരുന്നു നെതന്യാഹുവിന്റെ എക്സിലൂടെയുള്ള പ്രതികരണം.ദ്വിരാഷ്ട്ര പരിഹാരമെന്ന് വിളിക്കപ്പെടുന്ന ഇസ്രയേലിനൊപ്പമുള്ള ഭാവി പലസ്തീന്‍ രാഷ്ട്രമാണ് ദീര്‍ഘകാലത്തേക്കുള്ള പ്രതിവിധിയെന്നാണ് അമേരിക്ക വിശ്വസിക്കുന്നത്. നെതന്യാഹു അധികാരത്തിലിരിക്കുമ്പോള്‍ തന്നെ ദ്വിരാഷ്ട്ര പരിഹാരം സാധ്യമാകുമെന്നായിരുന്നുവെന്നാണ് ചര്‍ച്ചയ്ക്ക് ശേഷം ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ദ്വിരാഷ്ട്ര പരിഹാരത്തിന് നിരവധി തലങ്ങളുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

Top