ഇത് ചരിത്ര നേട്ടം ; ബംഗാള്‍ കടുവകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി ഓസീസ്

ധാക്ക: ഓസ്‌ട്രേലിയക്ക് എതിരെ ബംഗ്ലാദേശിന് ചരിത്രനേട്ടം.

ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ബംഗ്ലാദേശ് നേടുന്ന ആദ്യ ജയമാണ്‌ ധാക്കയിലെ ഷേര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ പിറന്നത്‌. 20 റണ്‍സിനാണ് ബംഗ്ലാദേശ് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്.

265 റണ്‍സ് വിജയലക്ഷ്യവുമായാണ് ഓസ്‌ട്രേലിയ രണ്ടാം ഇന്നിംങ്‌സ് കളിക്കാനിറങ്ങിയത്. എന്നാല്‍, 20 റണ്‍സ് അകലെവച്ച് കംഗാരുക്കളെ കടുവകള്‍ പൂട്ടി.

രണ്ട് ഇന്നിങ്‌സുകളിലായി 10 വിക്കറ്റ് എറിഞ്ഞിട്ട ഷക്കീബ് അല്‍ഹസന്റെ മികവിലാണു ബംഗ്ലാദേശിന്റെ ചരിത്രജയം.

അവസാന ദിവസം 109 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഓസ്‌ട്രേലിയക്ക് 37 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി.

ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ സ്‌കോര്‍ ഏഴിന് 199 എന്ന നിലയിലായിരുന്നു.

ഭക്ഷണശേഷം 66 റണ്‍സ് എന്ന ചെറിയ സ്‌കോറിനായി കളത്തിലിറങ്ങിയ ഓസ്‌ട്രേലിയയുടെ വിജയ മോഹം തൈജുല്‍ ഇസ്‌ലാമിന്റെ ബോളുകള്‍ തകര്‍ത്തുകളഞ്ഞു.

ഓസ്‌ട്രേലിയന്‍ നിരയില്‍ ഡേവിഡ് വാര്‍ണര്‍ 112 റണ്‍സും സ്റ്റീവ് സ്മിത്ത് 37 റണ്‍സും നേടി.

ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംങ്‌സ് സ്‌കോറായ 260 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് 217 റണ്‍സിനു പുറത്തായിരുന്നു.

Top