കൊറോണ ഭീതിയില്‍ കര്‍ണാടക; കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ബെംഗളൂരു: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധ നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍.

ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും താല്‍കാലിക ജീവനക്കാരുടെയും അവധി റദ്ദാക്കിയതായും സംസ്ഥാനത്തെ മാളുകള്‍, സിനിമാ തിയേറ്റര്‍, പബ്ബുകള്‍ , വിവാഹ ചടങ്ങുകള്‍ , ആള്‍ക്കൂട്ടം പങ്കെടുക്കുന്ന മറ്റു പരിപാടികള്‍ എന്നിവ അടുത്ത ഒരാഴ്ചത്തേക്ക് നിരോധിച്ചതായും മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു.

ഇറ്റലി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തെത്തിയ എല്ലാ യാത്രക്കാരോടും 14 ദിവസം വീട്ടില്‍ നിരീക്ഷണത്തിലിരിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം, കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടക കല്‍ബുര്‍ഗിയിലുളള കോളേജുകളും സ്‌കൂളുകളും ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് കല്‍ബുര്‍ഗി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. എന്നാല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല.

മുന്‍കരുതലെന്ന നിലയില്‍ ആളുകളുടെ യാത്ര നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന അതിര്‍ത്തികളിലെ ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Top