ബ്രിട്ടീഷ് കിരീടാവകാശിയുടെ രോഗം ഭേദമാക്കിയത് ഇന്ത്യൻ മരുന്ന് !

ബ്രിട്ടീഷ് സിംഹാസനത്തിന്റെ അവകാശിയായ ചാള്‍സ് രാജകുമാരന് കോവിഡ് ഭേദമാക്കാന്‍ സഹായിച്ചത് ആയുര്‍വേദ-ഹോമിയോപ്പതി മരുന്നുകളാണെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപാദ് നായിക്.

ബെംഗളൂരുവിലെ ആശുപത്രിയില്‍നിന്ന് അയച്ചുകൊടുത്ത മരുന്നുകളായിരുന്നു ചാള്‍സ് രാജകുമാരന്റെ ചികിത്സയ്ക്ക് ഉപയോഗിച്ചത്. ഈ മരുന്ന് ഉപയോഗിച്ചതിലൂടെയാണ് കൊവിഡ് പോസിറ്റീവായ ചാള്‍സ് രോഗ മുക്തനായി തിരിച്ചെത്തിയതെന്നും ശ്രീപാദ് നായിക് പറഞ്ഞു.

എന്നാല്‍ ഈ വാദത്തിനെതിരായ നിലപാടാണ് ചാള്‍സ് രാജകുമാരന്റെ വക്താവ് പറഞ്ഞത്. ‘ഈ വിവരം ശരിയല്ല. ചാള്‍സ് രാജകുമാരന്‍ പിന്തുടര്‍ന്നത് ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) നല്‍കിയ മെഡിക്കല്‍ ഉപദേശങ്ങളാണ്. ഇതല്ലാതെ മറ്റൊന്നുമല്ല. എന്നുമാണ് ചാള്‍സ് രാജകുമാരന്റെ വക്താവിന്റെ പ്രതികരണം.

അതേസമയം ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാന്‍ ഹോമിയോ മരുന്നുകള്‍ക്കു കഴിയുമെന്ന് എത്രയോ മുമ്പു തെളിഞ്ഞതാണെന്നാണ് കേന്ദ്രമന്ത്രി സൂചിപ്പിച്ച ബെംഗളൂരു സൗഖ്യ ഇന്റര്‍നാഷനല്‍ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്റര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഐസക് മത്തായി പറയുന്നത്.

ഡോക്ടര്‍ എന്ന നിലയില്‍ രോഗിയുടെ സ്വകാര്യത മാനിക്കേണ്ടതിനാലും സൗഖ്യയുടെ ചെയര്‍മാന്‍ എന്ന നിലയിലും ചാള്‍സ് രാജകുമാരന് എന്തു ചികിത്സയാണു കൊടുത്തത് എന്നു പരസ്യപ്പെടുത്താനാവില്ലെന്ന് പറഞ്ഞ ഡോക്ടര്‍ ചികിത്സയുടെ വിശദാംശങ്ങള്‍ ആയുഷ് മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ടെന്നും വ്യക്തമാക്കി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിത്.

തുടക്കം മുതല്‍ തന്നെ കോവിഡ് പ്രതിരോധത്തിനായി കര്‍ണാടക ഹോമിയോ, ആയുര്‍വേദ മരുന്നുകളാണ് വ്യാപകമായി ഉപയോഗിച്ച് വരുന്നത്. എന്നാല്‍ കേരളത്തില്‍ ഇത് അത്ര സജീവമല്ലെന്നും ഡോക്ടര്‍ പറഞ്ഞു.

എല്ലാവര്‍ക്കും പ്രതിരോധ ശേഷി കൂട്ടാനായി ഹോമിയോ മരുന്നുകള്‍ നല്‍കണമെന്ന് കഴിഞ്ഞ ദിവസമാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയത്.സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലൂടെയും ഈ മരുന്നുകള്‍ വിതരണം ചെയ്യണമെന്നാണു കര്‍ണാടക
സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ആയുഷ് മന്ത്രാലയവും ഇതിനായി ഉപദേശം തേടിയിരുന്നുവെന്നും അവര്‍ മരുന്നു വിതരണത്തിനു തയാറായിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

പാര്‍ശ്വഫലം ഇല്ലാത്തതും ചെലവു കുറഞ്ഞതുമാണു ഹോമിയോ മരുന്ന്. യാതൊരു ഭയാശങ്കയുമില്ലാതെ ആര്‍ക്കും ഉപയോഗിക്കാവുന്നതാണ്. കൊറോണയെ പ്രതിരോധിക്കാന്‍ മാത്രമല്ല, അസുഖം വന്നവരെ ചികിത്സിക്കാനും സഹായകമാണെന്നും ഡോക്ടര്‍ വ്യക്തമാക്കി.

സുഖചികിത്സയ്ക്കായി ചാള്‍സ് രാജകുമാരന്‍ ഒന്നര പതിറ്റാണ്ടിലേറെയായി സൗഖ്യയില്‍ വരാറുണ്ട്. മൂന്നു തലമുറകളായി ബ്രിട്ടിഷ് രാജകുടുംബം ഹോമിയോപ്പതി ചികിത്സ തേടുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ബ്രിട്ടിഷ് ഹോമിയോപതിക് അസോസിയേഷന്റെ റോയല്‍ പേട്രന്‍ കൂടിയാണ് എലിസബത്ത് രാജ്ഞി എന്നും അദ്ദേഹം പറഞ്ഞു.

കൊറോണയെ നേരിടാന്‍ നിലവില്‍ വൈദ്യശാസ്ത്രത്തില്‍ മരുന്ന് കണ്ടപിടിച്ചിട്ടില്ല.
അതിനായുള്ള ഗവേഷണം പുരോഗമിക്കുന്നതേയുള്ളൂ. പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കും ലക്ഷണങ്ങള്‍ക്കുമാണ് അലോപ്പതിയില്‍ ഉള്‍പ്പെടെ കോവിഡിനു ചികിത്സ നല്‍കുന്നത്. പ്രതിരോധശേഷി കൂട്ടി രോഗം വരാതെ നോക്കുകയെന്നതാണു നിലവിലെ ഏക പോംവഴിയെന്നും ഡോക്ടര്‍ പറഞ്ഞു.

മനുഷ്യശരീരത്തില്‍ പ്രതിരോധ ശേഷി കൂട്ടാനുള്ള മരുന്നുകളാണു ഹോമിയോയില്‍ നല്‍കി വരുന്നത്. ലോകത്താകെ പതിനായിരക്കണക്കിനു പേര്‍ ഹോമിയോ മരുന്നുകള്‍ കഴിക്കുന്നുണ്ട്. ബെംഗളൂരുവില്‍ തെരുവുകുട്ടികള്‍ ഉള്‍പ്പെടെ 3000 കുടുംബങ്ങള്‍ക്ക് ഇതേ മരുന്ന് നല്‍കിയിട്ടുമുണ്ടെന്നും ഡോ. ഐസക് മത്തായി നൂറനാല്‍ പറഞ്ഞു.

കൊറോണ ആഗോള തലത്തില്‍ പടര്‍ന്ന് പിടിച്ചതോടെ ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നും നിരവധി പേര്‍ വിളിച്ചിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നു സ്ഥിരമായി തങ്ങളുടെ ചികിത്സ തേടുന്ന ആയിരക്കണക്കിനു പേര്‍ക്ക് ഇതേ മരുന്ന് നിര്‍ദേശിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാലങ്ങളായി പകര്‍ച്ചപ്പനിയുടെ സീസണുകളില്‍ ആയിരക്കണക്കിനു തെരുവുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ഞങ്ങള്‍ പ്രതിരോധ മരുന്ന് നല്‍കാറുണ്ട്. അവര്‍ക്കൊന്നും ഇതേ കാലയളവില്‍ പകര്‍ച്ചവ്യാധി വന്നിട്ടില്ല. മൂന്നു പതിറ്റാണ്ടിലേറെയായി പകര്‍ച്ചവ്യാധികള്‍ പിടിപെടുന്നതു കുറവാണെന്നത് തന്റെ ചികിത്സാനുഭവം കൂടിയാണെന്നും ഡോ. ഐസക് മത്തായി പറഞ്ഞു.

പ്രതിരോധശേഷി കൂടിയവരില്‍ കോവിഡ് പെട്ടെന്നു ബാധിക്കുന്നില്ലെന്നതു തെളിഞ്ഞതാണ്. പ്രതിരോധശേഷി കൂട്ടുകയാണു ഹോമിയോ ചെയ്യുന്നത്. കേരളത്തില്‍ സര്‍ക്കാരും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഹോമിയോ ഉള്‍പ്പെടെയുള്ള ആയുഷ് മരുന്നുകളെ പിന്തുണയ്ക്കുന്ന നിലപാടാണു സ്വീകരിച്ചിട്ടുള്ളത്.
എന്നാല്‍ മരുന്ന് ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ കേരളം ഉത്സാഹം കാണിക്കുന്നില്ലെന്നും ഡോക്ടര്‍ ആരോപിച്ചു.

അസുഖം വരുന്നതു തടയാനും വന്നവര്‍ക്കു ചികിത്സിക്കാനും ഹോമിയോ മരുന്ന് നല്‍കാനാകണം. ആയുഷ് വകുപ്പ് നിര്‍ദേശിച്ചിട്ടുള്ളതാണിത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി നൂറുകണക്കിനു മിടുക്കരായ ഹോമിയോ ഡോക്ടര്‍മാര്‍ കേരളത്തിലുണ്ട്. ഇവരുടെ സേവനം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടു.

ഒരാഴ്ച നീളുന്ന ഒരു കോഴ്‌സ് മരുന്നാണു കോവിഡിനെ പ്രതിരോധിക്കാന്‍ കഴിക്കേണ്ടത്. ഒരാള്‍ക്കുള്ള ഒരു കോഴ്‌സ് മരുന്നിന് ഒരു രൂപ മാത്രമെ ചെലവ് വരൂന്നുള്ളൂ. സാധാരണനിലയില്‍ ആരോഗ്യമുള്ളയാള്‍ക്ക് ഒരു കോഴ്‌സ് മരുന്ന് കഴിച്ചാല്‍ മതിയാകും.പിന്നെയും വേണമെന്നു തോന്നിയാല്‍ ഒരു മാസത്തിനു ശേഷം അടുത്ത കോഴ്‌സ് കഴിക്കാവുന്നതുമാണ്. ഇത്രയും ചെലവ് കുറഞ്ഞതും എല്ലായിടത്തും ലഭിക്കുന്നതും ഫലപ്രദവുമായ ഈ മരുന്നുകള്‍ സര്‍ക്കാരിലൂടെ ജനങ്ങളിലേക്ക് എത്തിയാല്‍ അത് വലിയ കാര്യമായിരിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.

രാജ്യാന്തര തലത്തില്‍ മാത്രമല്ല പ്രാദേശിക തലത്തിലും നിരവധി പേര്‍ക്ക് ഈ മരുന്ന് നല്‍കുന്നുണ്ട്. അതിന്റെ ഗുണവുമുണ്ട്. പൊതുവില്‍ പ്രതിരോധശേഷി കൂട്ടുന്നതിനു ഹോമിയോ മരുന്നുകള്‍ ഫലപ്രദമാണെന്നു സ്വതന്ത്ര രാജ്യാന്തര സംഘടനകള്‍ പഠനത്തിലൂടെ കണ്ടെത്തിയിട്ടുള്ളതാണെന്നും ഡോ. ഐസക് മത്തായി പറഞ്ഞു.

കുടുംബങ്ങള്‍ക്കായി 20 മരുന്നുകളടങ്ങിയ 250 രൂപയുടെ മെഡിക്കല്‍ കിറ്റ് ഞങ്ങള്‍ പുറത്തിറക്കുന്നുണ്ട്. ഇതു കഴിച്ചാല്‍ നിരന്തരം അസുഖങ്ങള്‍ വരില്ലെന്നതും അനാവശ്യമായി ഡോക്ടറെ കാണുകയോ മരുന്നുകള്‍ കഴിക്കുകയോ വേണ്ടതില്ലെന്നും പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. ഈ മോഡല്‍ സ്വീകരിക്കാന്‍ ഇംഗ്ലണ്ടില്‍നിന്ന് ആവശ്യം വന്നിട്ടുണ്ട്.

ഏറ്റവും നന്നായി ഹോമിയോപ്പതി പ്രാക്ടീസ് ചെയ്യുന്ന സ്ഥലമാണു കേരളം. എല്ലാതരം ചികിത്സയ്ക്കും അതിന്റേതായ ഗുണങ്ങളുണ്ട്. അലോപ്പതിയും ആയുര്‍വേദവും ഹോമിയോപ്പതിയും സംയോജിപ്പിച്ചുള്ള ചികിത്സാരീതിയാണു മൂന്നര പതിറ്റാണ്ടിലേറെയായി ഞങ്ങള്‍ ചെയ്തുവരുന്നത്. ഈ ചികിത്സാ തത്വചിന്തയെ കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും പിന്തുണയ്ക്കുന്നുണ്ടെന്നും ഡോ. ഐസക് മത്തായി പറഞ്ഞു .

Top