ബംഗളൂരു കലാപക്കേസ് ; മുൻ മേയർ സമ്പത്ത് രാജ് അറസ്റ്റിൽ

ബംഗളുരു : ബംഗളൂരു കലാപ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മേയറുമായ സമ്പത്ത് രാജ് അറസ്റ്റിൽ. കേസിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന സമ്പത്ത് രാജിനെ സിറ്റി ക്രൈംബ്രാഞ്ച് പൊലീസാണ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിചേർത്ത് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് സമ്പത്തിന്റെ അറസ്റ്റ്. സഹായി റിയാസുദ്ദീൻ നൽകിയ സൂചനകളെ അടിസ്ഥാനത്തിലാണ് പൊലീസ് സമ്പത്തിനെ അറസ്റ്റ് ചെയ്തത്.

പ്രവാചകൻ മുഹമ്മദ് നബിയെ ആക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഓഗസ്റ്റ് പതിനൊന്നിനാണ് ബംഗളൂരുവിൽ കലാപം നടന്നത്. കലാപത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും അൻപതോളം പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ ഇതുവരെ 377 പേരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് നേരത്തേ സമ്പത്ത് രാജിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

കോവിഡ് പോസിറ്റീവായതിന് ശേഷം ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇയാൾ കടന്നുകളയുകയായിരുന്നു. സമ്പത്തിന് രക്ഷപ്പെടാൻ സഹായമൊരുക്കിയ റിയാസുദ്ദീനെയാണ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. സമ്പത്ത് രാജിനെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിൽ റിയാസുദ്ദീൻ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ സിറ്റി ക്രൈംബ്രാഞ്ച് പൊലീസാണ് സമ്പത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Top