ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനക്കേസ് അന്വേഷണം എന്‍ഐഎക്ക് കൈമാറി

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനക്കേസ് അന്വേഷണം എന്‍ഐഎക്ക് കൈമാറി. ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നിര്‍ദേശം. ബെംഗളൂരു പൊലീസിന് കീഴിലുള്ള സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.

മാര്‍ച്ച് ഒന്നിന് ഈസ്റ്റ് ബെംഗളൂരുവിലെ ബ്രൂക്ക്ഫീല്‍ഡിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഉച്ചയോടെയായിരുന്നു സ്ഫോടനം. ഹോട്ടല്‍ ജീവനക്കാരും ഭക്ഷണം കഴിക്കാന്‍ എത്തിയവരും ഉള്‍പ്പെടെ 10 പേര്‍ക്കാണ് പരിക്കേറ്റത്. സംഭവസ്ഥലത്തുനിന്ന് സ്ഫോടക വസ്തുവായ ഐഇഡിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.

തൊപ്പിയും മുഖംമൂടിയും കണ്ണടയും ധരിച്ച ഒരാളാണ് കേസിലെ പ്രധാന പ്രതിയെന്നും ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. യുഎപിഎ കൂടി ചുമത്തിയ കേസില്‍ അറസ്റ്റ് വൈകുന്നതിനെ തുടര്‍ന്ന് എന്‍ഐഎക്ക് കൈമാറണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിരുന്നു. അതേസമയം സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ പറഞ്ഞു.

Top