രാത്രി തെരുവിലിറങ്ങാം; വനിതാ സൗഹാര്‍ദ സോണുമായി ബെംഗളൂരു സിറ്റി പൊലീസ്

ബെംഗളൂരു ‘വനിതാ സൗഹാര്‍ദ സോണുകള്‍’ ഒരുക്കി ബെംഗളൂരു സിറ്റി പൊലീസ്. രാത്രി പുറത്തിറങ്ങി സമയം ചെലവിടാന്‍ സ്ത്രീകള്‍ക്കു ധൈര്യമേകുന്നതാണ് ബെംഗളൂരു സിറ്റി പൊലീസിന്റെ ഈ പദ്ധതി.

സ്ത്രീകള്‍ പോകാന്‍ മടിക്കുന്ന 8 സ്ഥലങ്ങള്‍ കണ്ടെത്തി, അവിടെ ഇന്നു മുതല്‍ 14 ദിവസം രാത്രി 7 മുതല്‍ 10 വരെ സമയം ചെലവിടാന്‍ പ്രായഭേദമന്യേ നഗരത്തിലെ സ്ത്രീകളെ ക്ഷണിച്ചിരിക്കുകയാണ് ബെംഗളൂരു സിറ്റി പൊലീസ്.

സ്ത്രീകളുടെ രാത്രി നടത്തത്തിനായി വഴിവിളക്ക് ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ നഗരസഭ ഒരുക്കിയിട്ടുണ്ട്. രാത്രി സ്ത്രീകള്‍ ഇത്തരത്തില്‍ സമയം ചെലവഴിക്കുന്നതു മറ്റു സ്ത്രീകള്‍ക്കു പുറത്തിറങ്ങാന്‍ ആത്മവിശ്വാസം പകരുമെന്നാണ് പൊലീസ് പറയുന്നത്.

ബെംഗളൂരുവിലെ സുരക്ഷിതത്വം സംബന്ധിച്ച് ജനങ്ങളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനൊപ്പം ലിംഗസമത്വം നിലനിര്‍ത്താനും പരിപാടി സഹായിക്കുമെന്നും പൊലീസ് പറയുന്നു.

Top