കര്‍ഫ്യൂ ദിനങ്ങള്‍ ഇങ്ങനെയും മനോഹരമാക്കാം; പാട്ട് പാടി ബോധവത്കരണവുമായി ബെംഗളൂരു പൊലീസ്

ബെംഗളൂരു: കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്കം മുതലേ അതിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊലീസുകാരും മുഴുവന്‍ സമയവും ഒപ്പമുണ്ടായിരുന്നു. രാജ്യത്തിന്റെ ക്രമസമാധാനം നമ്മുടെ ഈ നിയമപാലകരുടെ കൈകളിലാണ്‌. അവധിപോലും ഇല്ലാതെ ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ് നമ്മുടെ പൊലീസുകാര്‍.

കേരളത്തിലെ പൊലീസ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വലിയൊരു മാതൃകയാണ്. സോഷ്യല്‍ മീഡിയകളിലൂടെ കൊറോണ വൈറസിനെതിരെ കേരളാ പൊലീസ് നടത്തിയ വീഡിയോ ദൃശ്യം ലോക ശ്രദ്ധയാണ് പിടിച്ച് പറ്റിയത്. ബിബിസിയും റഷ്യ ടുഡേയും പോലും വലിയ പ്രാധാന്യത്തോടെയാണ് ഈ സന്ദേശം പ്രചരിപ്പിച്ചിരുന്നത്.

രാജ്യവ്യാപക കര്‍ഫ്യൂവിനെ നേരിടുന്ന ഈ സാഹചര്യത്തിലും പൊലീസ് സംഘങ്ങള്‍ കര്‍ഫ്യൂ ദിവസങ്ങളെ ചെലവഴിക്കാന്‍ വ്യത്യസ്തവും ക്രിയാത്മകവുമായ പരിപാടികളുമായി രംഗത്തെത്തിയിരിക്കുകയാണ്. കേരളാ പൊലീസിന്റെ പാത പിന്തുടര്‍ന്ന് ബെംഗളൂരു പൊലീസും വ്യത്യസ്തമായൊരു പരിപാടിയുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണിപ്പോള്‍.

സംഗീതമാണ് ബെംഗളൂരു പൊലീസിന്റെ ആയുധം. കര്‍ഫ്യൂവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ബെംഗളൂരു പോലീസ് സംഘം ജനങ്ങളുമായി പങ്കുവെയ്ക്കുന്നത് പാട്ട് പാടിയാണ്. പരിപാടിയുടെ വീഡിയോ ബെംഗളൂരു പൊലീസ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

ബെംഗളൂരുവിലെ ഒരു റോഡില്‍ നിന്നു കൊണ്ട് വീടുകളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് വേണ്ടി പാട്ടുപാടിക്കൊടുക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. എ.സി.പിയായ തബാറക് ഫാത്തിമയാണ് മൈക്കിലൂടെ പാട്ടും പാടി രംഗത്തെത്തിയത്. വീ ഷാല്‍ ഓവര്‍കം എന്ന പാട്ടിന്റെ ഹിന്ദി വരികളാണ് എ.സി.പി മൈക്കിലൂടെ ഉറക്കെ പാടിയത്.

https://www.instagram.com/p/B-HsMHPFOEx/?utm_source=ig_web_copy_link

എന്നാല്‍ പാട്ടിന്റെ നാല് വരികള്‍ക്ക് പുറമേ ഞാന്‍ വീട്ടിനകത്ത് ഇരിക്കും, ശുചിയായി ഇരിക്കും, എല്ലാ ദിവസവും മാസ്‌കുകള്‍ ധരിക്കും എന്ന വരികളും കൂടി അതേ ഈണത്തില്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങളോടും ഏറ്റുപാടാന്‍ ആവശ്യപ്പെട്ടു. പൊലീസും ജനങ്ങളും കൂടി പാട്ടുപാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആണ് ഇപ്പോള്‍.

Top