സ്​കൂട്ടറില്‍ സാഹസിക പ്രകടനം; യുവാക്കള്‍ക്ക്​ പൊലീസിന്റെ മര്‍ദനം

ബംഗളുരു: സ്‌കൂട്ടറില്‍ സാഹസിക പ്രകടനം നടത്തിയ രണ്ട് യുവാക്കളെ പൊലീസ് പരസ്യമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കണ്ട് നില്‍ക്കുന്ന ഒരാളും ക്രിക്കറ്റ് ബാറ്റ് കൊണ്ടും യുവാക്കളെ മര്‍ദിക്കുന്നുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരെയും ബാറ്റ് കൊണ്ട് മര്‍ദിച്ച ആളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

രണ്ട് പേര്‍ സ്‌കൂട്ടറില്‍ അപകടകരമായ പ്രകടനങ്ങള്‍ നടത്തുന്നുണ്ടെന്നും കാല്‌നടക്കാരടക്കം തലനാരിഴക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്നതെന്നും കാണിച്ച് പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് യുവാക്കളെ താക്കീത് നല്‍കി വിട്ടു. എന്നാല്‍, പൊലീസ് മടങ്ങിയ ശേഷം യുവാക്കള്‍ വീണ്ടും പ്രകടനം തുടരുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് മര്‍ദനം നടന്നത്.

നേരത്തെ താക്കീത് നല്‍കിയതല്ലേ എന്ന് പൊലീസ് യുവാക്കളോട് ചോദിക്കുന്നതും അവര്‍ അത് സമ്മതിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ശേഷം അറക്കുന്ന ശകാരവാക്കുകളാണ് പൊലീസ് ഉപേയാഗിക്കുന്നത്. പൊലീസ് യുവാക്കളെ മര്‍ദിക്കുന്നതിനിടക്ക് ആള്‍കൂട്ടത്തില്‍ നിന്ന് ബാറ്റുമായി എത്തിയ ഒരാള്‍ മര്‍ദനത്തില്‍ ചേരുന്നതാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

Top