ജലക്ഷാമം നേരിടാന്‍ കടുത്ത നടപടികളിലേക്ക് കടന്ന് ബെംഗളൂരു നഗരസഭാ അധികൃതര്‍

ബെംഗളൂരു: ജലക്ഷാമം നേരിടാന്‍ കടുത്ത നടപടികളിലേക്ക് കടന്ന് ബെംഗളൂരു നഗരസഭാ അധികൃതര്‍. വാഹനം കഴുകാനും പൂന്തോട്ടം നനയ്ക്കാനും ശുദ്ധജലം ഉപയോഗിക്കരുതെന്ന നിര്‍ദേശത്തിനൊപ്പം ശുദ്ധീകരിച്ച വെള്ളം നീന്തല്‍ക്കുളങ്ങളിലും ഉപയോഗിക്കരുതെന്ന നിര്‍ദേശം കൂടി ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ബോര്‍ഡ് (ബിഡബ്ല്യുഎസ്എസ്ബി) നല്‍കിക്കഴിഞ്ഞു. ബിഡബ്ല്യുഎസ്എസ്ബി വിതരണം ചെയ്യുന്നതോ കുഴല്‍ക്കിണറുകളില്‍ നിന്നുള്ളതോ ലഭ്യമായ വെള്ളം നീന്തല്‍ക്കുളങ്ങളില്‍ ഉപയോഗിക്കുന്നത് പിഴ ചുമത്താന്‍ ഇടയാക്കും. നിര്‍ദേശം ലംഘിക്കുന്നപക്ഷം ആദ്യതവണ 5000 രൂപയും തുടര്‍ന്നുള്ള ലംഘനങ്ങള്‍ക്ക് പ്രതിദിനം 500 രൂപകൂടി അധികമായി പിഴ നല്‍കേണ്ടിവരും.

നിലവില്‍ കുഴല്‍ക്കിണറുകളില്‍ നിന്നാണ് നീന്തല്‍ക്കുളങ്ങളിലേക്കാവശ്യമായ ജലം നിറയ്ക്കുന്നത്. കുഴല്‍ക്കിണറുകളില്‍ നിന്ന് വെള്ളമെടുക്കരുതെന്ന നിര്‍ദേശം നിലവില്‍ വന്നതോടെ ശുചിയാക്കിയ വെള്ളം മാത്രം നീന്തല്‍ക്കുളങ്ങളില്‍ ഉപയോഗിക്കാവുന്ന സ്ഥിതിവരും. എന്നാല്‍ ശുചിയാക്കിയ വെളളം കുടിക്കാനും പാചകആവശ്യങ്ങള്‍ക്കും മാത്രം ഉപയോഗിക്കാവുന്ന നിലവിലെ വ്യവസ്ഥയില്‍ നഗരത്തിലെ നീന്തല്‍ക്കുളങ്ങള്‍ അടച്ചിടേണ്ടിവരും. കാറുകള്‍ കഴുകുന്നതിനോ പൂന്തോട്ടം നനയ്ക്കുന്നതിനോ ജലധാരകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനോ റോഡ് നിര്‍മാണത്തിനോ പരിപാലനത്തിനോ കുടിവെള്ളം ഉപയോഗിക്കുന്നതിന് കര്‍ണാടക വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ബോര്‍ഡ് നേരത്തെ തന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു.

Top