bengaluru massmolestation karnataka home minister

ബെംഗളൂരു: പുതുവര്‍ഷ രാത്രിയില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടായ കൂട്ട ലൈംഗികാതിക്രമത്തെ തുടര്‍ന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ പ്രസ്താവന വിവാദമാകുന്നു.

പാശ്ചാത്യ സംസ്‌കാരത്തെ അനുകരിച്ച് വസ്ത്രം ധരിച്ചാല്‍ ഇത്തരത്തിലുള്ളവ സംഭവിക്കും എന്ന മന്ത്രിയുടെ പ്രസ്താവനയാണ് പ്രതിഷേധത്തിനിടയാക്കിയത്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്ക് ക്ഷമ ചോദിക്കാനും മന്ത്രി തയ്യാറായില്ല. ഇതേ തുടര്‍ന്ന് കനത്ത പ്രതിഷേധമാണ് മന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

മന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്താവനയെ അപലപിക്കുന്നതായി കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു. കൂട്ട മാനഭംഗം പോലുള്ള തെറ്റുകള്‍ക്ക് ശിക്ഷിക്കപ്പെടാതെ പോവുന്നത് ലജ്ജാവഹമാണെന്നും അദ്ദേഹം പറഞ്ഞു.

1500 പൊലീസുകാരുടെ കാവലില്‍ നടന്ന പുതുവര്‍ഷാഘോഷ പരിപാടിക്കിടയിലാണ് സ്ത്രീകള്‍ പീഡനം നേരിട്ടത്. അസഭ്യം പറഞ്ഞും സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചും ഭൂരിഭാഗം സ്ത്രീകളുടെയും പുതുവര്‍ഷാഘോഷത്തെ സാമൂഹ്യവിരുദ്ധര്‍ ദുരന്തമാക്കി മാറ്റി.

പല സ്ത്രീകളും ഇതിനെതിരെ ട്വിറ്റര്‍, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിട്ടുമുണ്ട്.

പലരും പൊലീസിന്റെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് സ്ത്രീകള്‍ പരാതിപ്പെട്ടിരുന്നു. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെങ്കിലും സ്ത്രീകളെ കുറ്റം പറയുകയാണ് മന്ത്രി ചെയ്തത്.

Top