കൊറോണ; ബംഗളൂരുവില്‍ ഗൂഗിള്‍ ജീവനക്കാരന് സ്ഥിരീകരിച്ചു

ബംഗളൂരു: ആഗോള വ്യാപകമായി പടര്‍ന്ന് പിടക്കുന്ന കൊറോണ വൈറസ് എല്ലാ മേഖലകളേയും സാരമായി ബാധിക്കുകയാണ്. ഇപ്പോഴിതാ ബംഗളൂരുവില്‍ ഗൂഗിള്‍ ജീവനക്കാരന് വൈറസ് സ്ഥിരീകരിച്ചു. കമ്പനിയാണ് ഇയാളുടെ പരിശോധന ഫലം പോസ്റ്റീവാണെന്ന് അറിയിച്ചത്.

ഇയാളെ ബംഗളുരുവിലെ ആശുപത്രിയില്‍ ഐസൊലേഷനില്‍ പാര്‍പ്പിച്ചതായി കര്‍ണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമലു പറഞ്ഞു. ഇയാളുമായി ബന്ധപ്പെട്ടവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഗ്രീസില്‍ നിന്നു തിരിച്ചെത്തിയ ഈ യുവാവ് കര്‍ണാടക തലസ്ഥാനത്തെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ബംഗളുരുവിലെ ഗൂഗിള്‍ ക്യാമ്പസില്‍ എത്തുകയും ചെയ്തിരുന്നു. മാത്രമല്ല രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിനു മുമ്പ് കുറച്ചു മണിക്കൂറുകള്‍ ഇയാള്‍ ഇവിടെ ഉണ്ടായിരുന്നതായി കമ്പനി അറിയിച്ചു.

ഇതോ തുടര്‍ന്ന് ഗൂഗിളിന്റെ ബംഗളുരു ക്യാമ്പസിലെ മറ്റു ജീവനക്കാരോട് വെള്ളിയാഴ്ച മുതല്‍ വീട്ടില്‍നിന്ന് ജോലി ചെയ്യാനും കൊറോണ സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരോട് സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കാനും കമ്പനി ആവശ്യപ്പെട്ടു.

ഡെല്‍ ഇന്ത്യ, മൈന്‍ഡ് ട്രീ കമ്പനികള്‍ക്കു ശേഷം ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ കോര്‍പറേറ്റ് കമ്പനിയാണ് ഗൂഗിള്‍.

Top