ഐഎസ്എൽ ഫൈനലിൽ ഇന്ന് ബെംഗളൂരു എഫ്‌സി – എടികെ മോഹൻ ബഗാൻ പോരാട്ടം

ന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കലാശപോരാട്ടം. ഗോവ മാർഗോയിലെ ഫട്രോഡ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 07:30നാണ് മത്സരം. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും അധികം ട്രോഫികൾ നേടി ചരിത്രം സൃഷ്ട്ടിച്ച എടികെ മോഹൻ ബഗാൻ തങ്ങളുടെ നാലാമത് കിരീടം ലക്ഷ്യമിട്ടാണ് ഇന്ന് ഇറങ്ങുക. അതെസമയം, ബെംഗളൂരു എഫ്‌സിക്ക് ക്ലബ്ബിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഐഎസ്എൽ കിരീടമാണ് ഇന്ന് വിജയിച്ചാൽ നേടിയെടുക്കാൻ സാധിക്കുക. സെമിഫൈനലിൽ പെനാൽറ്റി ഷൂട്ട്ഔട്ടിൽ വിജയിച്ചാണ് ഇരു ടീമുകളും ഫൈനലിലേക്ക് യോഗ്യത നേടിയത്.

ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ ഫീനിക്സ് പക്ഷിയുടെ കഥയാണ് ഈ സീസണിൽ ബെംഗളൂരു എഫ്‌സിയുടേത്. കഴിഞ്ഞ സീസണിൽ പ്ലേഓഫ് കാണാതെ സീസൺ അവസാനിപ്പിക്കേണ്ടി വന്ന ബെംഗളൂരു പരിശീലകനായ മാർകോ പെസ്സെയോലിയെ മാറ്റി ഇംഗ്ലീഷ് പരിശീലകൻ സൈമൺ ഗ്രേയ്‌സനെ തട്ടകത്തിലെത്തിച്ചിരുന്നു. തുടർന്ന്, മുംബൈ സിറ്റിയെ തോൽപിച്ച് 2022 ലെ ഡ്യൂറൻഡ് കപ്പ് ബെംഗളൂരു നേടിയിരുന്നു. എന്നാൽ, ഇന്ത്യൻ സൂപ്പർ ലീഗിൽ മോശം തുടക്കമാണ് ക്ലബിന് ലഭിച്ചത്. ആദ്യ പന്ത്രണ്ട് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമേ ക്ലബിന് വിജയം കണ്ടെത്താൻ സാധിച്ചുള്ളൂ. ഇത്തവണയും ബെംഗളൂരു പ്ലേഓഫ് കളിക്കില്ല എന്ന് ഇന്ത്യൻ ഫുട്ബോൾ ലോകം വിശ്വസിച്ചു. എന്നാൽ, മോശം കാലത്തെ മണ്ണിട്ട് മൂടി 2023 വർഷം ആരംഭിച്ച ക്ലബ് അപാരിചിത കുതിപ്പാണ് നടത്തിയത്. പത്ത് മത്സരങ്ങളിൽ തുടർച്ചയായി ജയിച്ച ക്ലബ് സെമി ഫൈനൽ രണ്ടാം പാദത്തിൽ മുംബൈയോട് തോറ്റു. എന്നാൽ, ആദ്യ പാദത്തിൽ മുംബൈക്ക് എതിരെ ബെംഗളൂരു നേടിയ ലീഡ് മത്സരത്തെ സമനിലയിലെത്തിക്കുകയും ഷൂട്ട്ഔട്ടിലേക്ക് എത്തിക്കുകയും ചെയ്തു.

Top