ബ്രഹ്മാസ്ത്രം; ക്വാറന്റൈന്‍ വീടുകള്‍ പരസ്യമാക്കി കര്‍ണ്ണാടക !

ബെംഗളൂരു: ഇന്ന് പത്ത് പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം 51 ആയി ഉയര്‍ന്നു. നിലവില്‍ ബെംഗളൂരുവില്‍ മാത്രം ചികിത്സയിലുള്ളത് 32 കോവിഡ് ബാധിതരാണ്. കലബുറഗ്,ചിക്കബെല്ലാപുര എന്നിവിടങ്ങൡ മൂന്ന് പേര്‍ വീതവും കുടക്, ധാര്‍വാഡ് , ദാവനഗെരെ, ഉഡുപ്പി എന്നിവിടങ്ങളില്‍ ഒന്ന് വീതവും മൈസൂരു, ഉത്തര കന്നഡ എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതവും ദക്ഷിണ കന്നഡയില്‍ 5 പേരുമാണ് ചികിത്സയിലുള്ളത്.

ദാവനഗെരെയില്‍ നിന്നുള്ള ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായി ജി.എം. സിദ്ധേശ്വരയുടെ മകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. യുഎസിലെ ഫ്രഞ്ച് ഗയാനയില്‍ നിന്നു ന്യൂയോര്‍ക്ക്, ഡല്‍ഹി വഴി 20ന് ബെംഗളൂരുവിലെത്തുകയായിരുന്നു. ചിത്രദുര്‍ഗ സ്വദേശിനിയായ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 2 മക്കളുടെ സ്രവ പരിശോധനാ റിപ്പോര്‍ട്ട് ഇതേവരെ ലഭിച്ചിട്ടില്ലെന്ന് ചിത്രദുര്‍ഗ കലക്ടര്‍ വിനോദപ്രിയ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തേ രോഗം സ്ഥിരീകരിച്ച ബെംഗളൂരു സ്വദേശിയുടെ രണ്ട് മക്കള്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റൊന്ന് ബെംഗളൂരു സ്വദേശികളായ വയോധികരായ ദമ്പതികളാണ്. ബ്രസീലില്‍ നിന്ന് 19നാണ് ഇവര്‍ ബെംഗളൂരുവിലെത്തിയത്.
സ്‌പെയിനില്‍ നിന്നു ദുബായ് വഴി 14നാണ് ബെംഗളൂരുവിലെത്തിയ 26 വയസുള്ള 2 യുവാക്കള്‍. ഏതന്‍സ്, ലണ്ടന്‍ വഴി 18ന് ബെംഗളൂരുവിലെത്തിയ ദമ്പതികള്‍. ദുബായില്‍ നിന്ന് 18ന് മംഗളൂരുവിലെത്തിയ ഉഡുപ്പി സ്വദേശി യുവാവ്. ഇവരാണ് ഇന്ന് സ്ഥിരീകരിച്ച കൊറോണ ബാധിതര്‍.

ബെംഗളൂരുവിലെ വീടുകളില്‍ നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയേണ്ട 14,000 വീടുകളുടെ വിവരം കര്‍ണാടക സര്‍ക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. വ്യക്തിപരമായ വിവരങ്ങള്‍ പരസ്യപ്പെടുത്തിയ നടപടി സ്വകാര്യതയുടെ ലംഘനമെന്ന് ആരോപിച്ച് ഇവരില്‍ ചിലര്‍ രംഗത്തെത്തിയിരുന്നു. ക്വാറന്റീന്‍ ചെയ്ത വീടുകളുടെ വിലാസം, വീട്ടുകാര്‍ വിദേശത്തു നിന്നെത്തിയ ദിവസം തുടങ്ങിയവയാണ് സര്‍ക്കാര്‍ പരസ്യപ്പെടുത്തിയത്. ഈ വീട്ടുകാര്‍ പുറത്തിറങ്ങി രോഗവ്യാപനത്തിന് ഇടയാക്കരുതെന്ന ലക്ഷ്യത്തോടെ മനപൂര്‍വം പുറത്തുവിട്ടതാണെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

Top