സീരിയൽ കില്ലർ പേടിയിൽ ബെംഗളൂരു നഗരം

ബെംഗളൂരു: കർണാടക സംസ്ഥാന തലസ്ഥാനവും ഇന്ത്യയിലെ വൻ നഗരങ്ങളിൽ ഒന്നുമായ ബെംഗളൂരു ഇപ്പോൾ സീരിയൽ കില്ലർ പേടിയിലാണ്. ഇന്നലെ രാത്രി എസ്എംവിടി റെയിൽവേ സ്റ്റേഷന് സമീപം വീപ്പയിൽ കുത്തി നിറച്ച നിലയിൽ മൃതദേഹം കണ്ടെത്തിയതോടെയാണ് നഗരത്തിൽ സീരിയൽ കില്ലറുണ്ടോയെന്ന പരിഭ്രാന്തി പരന്നത്. നാല് മാസത്തിനിടെ മൂന്ന് കൊലപാതകങ്ങളാണ് സമാന രീതിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ട മൂന്ന് പേരും 30 പിന്നിട്ട സ്ത്രീകളാണ്. വീപ്പയിലാക്കി നഗരത്തിലെ തിരക്കേറിയ റെയിൽവെ സ്റ്റേഷനിൽ മൃതദേഹം ഉപേക്ഷിക്കുന്ന രീതിയാണ് കണ്ടെത്തിയിരിക്കുന്നത്. ഒരേ സ്വഭാവത്തിലുള്ള മൂന്ന് മൃതദേഹങ്ങൾ മൂന്ന് സമയത്തായി കണ്ടെത്തിയതോടെയാണ് ബെംഗളൂരു പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.

പൊലീസ് നടത്തിയ വിശദ പരിശോധനയിൽ ജനുവരിയിൽ യശ്വന്തപുര സ്റ്റേഷനിൽ രണ്ടാമത്തെ മൃതദേഹം തള്ളുന്ന സിസിടിവി ദൃശ്യങ്ങളും കിട്ടി. ആദ്യമൃതദേഹം കണ്ടത് ഡിസംബ‍ർ ആറിന് ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിലായിരുന്നു. ഇവിടെ നിന്നുള്ള പഴയ ദൃശ്യങ്ങൾ കണ്ടെത്താനായുള്ള പരിശ്രമത്തിലാണ് പൊലീസ് സംഘം. രണ്ടാമത്തെ മൃതദേഹം കണ്ടത് ജനുവരി 4 ന് യശ്വന്തപുര റെയിൽവേ സ്റ്റേഷനിലായിരുന്നു. ഇവിടെ നിന്നുള്ള ദൃശ്യമാണ് പൊലീസിന് ഏറ്റവും പുതിയതായി ലഭിച്ചിരിക്കുന്നത്. ഇതിൽ രണ്ട് പേരാണ് വീപ്പ കൊണ്ടുവന്ന് തള്ളുന്നത്.

മൂന്നാമത്തെ മൃതദേഹം അതേ രീതിയിൽ ഇന്നലെ എസ്‍എംവിടി സ്റ്റേഷനിലാണ് ഉപേക്ഷിച്ചത്. ബെംഗളുരുവിൽ മുഴുവനായും ശീതീകരിച്ച ഏക റെയിൽവേ സ്റ്റേഷനാണ് എസ്‍എംവിടി. ഇവിടെ ഇന്നലെ രാത്രി കടുത്ത ദുർഗന്ധം വമിച്ചിരുന്നു. ദുർഗന്ധത്തിന്റെ ഉറവിടം തേടിപ്പോയ സ്റ്റേഷൻ അധികൃതർ ഒരു ഓട്ടോമാറ്റിക് സ്ലൈഡിംഗ് ഡോറിന് സമീപം ആരും ശ്രദ്ധിക്കാത്ത നിലയിൽ വെച്ച പ്ലാസ്റ്റിക് വീപ്പയിലാണ് എത്തിയത്. റെയിൽവേ സൂപ്രണ്ട് നേരിട്ടെത്തി വീപ്പ തുറന്നപ്പോഴാണ് അഴുകിയ നിലയിൽ ചുവപ്പ് വസ്ത്രം ധരിച്ച സ്ത്രീയുടെ മൃതദേഹം കണ്ടത്.

പിന്നീട് പൊലീസ് വിശദമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അപ്പോഴാണ് മൂന്ന് പേർ വീപ്പ കൊണ്ടുവന്ന് ഉപേക്ഷിച്ച് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടത്. വിശദ പരിശോധനയിൽ ജനുവരിയിൽ യശ്വന്തപുര സ്റ്റേഷനിൽ രണ്ട് പേർ ട്രെയിനിൽ നിന്ന് വീപ്പ ഇറക്കി കൊണ്ട് വന്ന് ഉപേക്ഷിക്കുന്ന ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെയെല്ലാം തുമ്പ് പിടിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. സഹായികളെ ഉപയോഗിച്ച് കൊലയാളി മൃതദേഹം തള്ളിയതാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

Top