ബെംഗളൂരു സ്‌ഫോടനം;സ്‌ഫോടക വസ്തു ടൈമര്‍ ഉപയോഗിച്ച് നിയന്ത്രിച്ചുവെന്ന് സംശയം

ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്‌ഫോടക വസ്തു ടൈമര്‍ ഉപയോഗിച്ച് നിയന്ത്രിച്ചുവെന്ന് സംശയം. ടൈമറിന്റെ ചില അവശിഷ്ടങ്ങള്‍ കഫേയില്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് സൂചന. സുരക്ഷ വിലയിരുത്താന്‍ ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 1 മണിക്ക് ആണ് യോഗം.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് ആണിയും നട്ടും ബോള്‍ട്ടും കണ്ടെത്തിയതോടെ ഫൊറന്‍സിക്, ബോംബ് സ്‌ക്വാഡുകള്‍ എത്തി സ്ഥലത്ത് വിശദപരിശോധന നടത്തി. ഹോട്ടലിലെ സിസിടിവി പരിശോധിച്ചപ്പോള്‍ ഏതാണ്ട് 11.45 ഓടെ അജ്ഞാതനായ ഒരാള്‍ ഹോട്ടലില്‍ ഒരു ബാഗ് കൊണ്ടുവന്ന് ഉപേക്ഷിച്ച് പോയ ദൃശ്യം ലഭിച്ചു.

സംഭവത്തില്‍ കസ്റ്റഡിയിലുള്ള ആളെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്. പത്ത് പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരുക്കേറ്റത്. യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വൈറ്റ്ഫീല്‍ഡിനടുത്തുള്ള ബ്രൂക്ക് ഫീല്‍ഡിലുള്ള പ്രസിദ്ധമായ രാമേശ്വരം കഫേയില്‍ ഇന്നലെ ഉച്ചയ്ക്ക് 12.56-നാണ് സ്‌ഫോടനമുണ്ടായത്. നിരവധി ആളുകള്‍ വന്ന് പോകുന്ന ഉച്ചഭക്ഷണ നേരത്ത് കൈ കഴുകുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നത്. രണ്ട് സ്ത്രീകളടക്കം മൂന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കും സ്‌ഫോടനത്തില്‍ പരിക്കേറ്റു.

Top