ബംഗാള്‍ അനിശ്ചിതത്വം;സര്‍ക്കാരിനെതിരായ ഹര്‍ജി ഉടൻ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂ ഡൽഹി:ബംഗാള്‍ സര്‍‌ക്കാരിനെതിരായ സി.ബി.ഐ ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി.ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ കസ്റ്റഡിയിലെടുക്കാനെത്തിയ സി.ബി.ഐ നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുകയാണ്.

ഇന്നലെ ആരംഭിച്ച സമരം 12 മണിക്കൂര്‍ പിന്നിട്ടു. ഭരണഘടന അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.അതേസമയം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

ചിട്ടി തട്ടിപ്പ് കേസില്‍ സര്‍ക്കാരിനെതിരായ തെളിവുകൾ നശിപ്പിച്ചതിന്റെ രേഖകൾ ഉണ്ടെങ്കിൽ അത് അടിയന്തരമായി സമര്‍പ്പിക്കാനും സിബിഐക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. തെളിവുകൾ നശിപ്പിക്കുന്നു എന്ന കാരണം പറഞ്ഞാണ് സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ തുഷാര്‍ മേത്ത വാദിച്ചത്.

അതേസമയം സിബിഐ ആരോപണം അടിസ്ഥാന രഹിതമെന്നാണ് ബംഗാൾ സര്‍ക്കാറിന് വേണ്ടി ഹാജരായ മനു അഭിഷേഖ് സിങ്‍വി സുപ്രീംകോടതിയിൽ പറഞ്ഞത്. എല്ലാ വാദങ്ങളും നാളെ ആകാമെന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി

Top