ഡല്‍ഹിയില്‍ ‘കൈപൊള്ളി’; ബംഗാളില്‍ ഇനി എന്ത് ചെയ്യും; ബിജെപി തലപുകയ്ക്കുന്നു?

Mamata Banerjee ,BJP

ല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വിയടഞ്ഞതോടെ ബിജെപി അങ്കലാപ്പിലാണ്. പശ്ചിമ ബംഗാള്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെങ്കിലും കൈക്കലാക്കാമെന്ന കണക്കുകൂട്ടല്‍ പിഴയ്ക്കുമോയെന്നാണ് അവര്‍ ആശങ്കപ്പെടുന്നത്. സിഎഎ, എന്‍ആര്‍സി വിഷയം ശക്തമായി ഇറക്കിയിട്ടും ഡല്‍ഹിയില്‍ തിരിച്ചടിച്ചതോടെയാണ് പശ്ചിമ ബംഗാളില്‍ ഇത് ആവര്‍ത്തിക്കണോയെന്ന കാര്യത്തില്‍ സംസ്ഥാന ഘടകത്തില്‍ ഭിന്നതയുണ്ട്.

എഎപിയ്‌ക്കെതിരെ തോല്‍വി നേരിട്ടതോടെ പശ്ചിമ ബംഗാളില്‍ 2021ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏത് തന്ത്രം പ്രയോഗിക്കുമെന്ന വിഷയത്തിലാണ് ബിജെപി സംശയിച്ച് നില്‍ക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഏഴ് സീറ്റുകളും നേടിയ ബിജെപിക്കാണ് ഈ ഗതി വന്നിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ 42 ലോക്‌സഭാ സീറ്റുകളില്‍ 18 സീറ്റുകളിലാണ് അവര്‍ വിജയിച്ചത്.

ഏതാനും മാസങ്ങളുടെ വ്യത്യാസത്തില്‍ ഡല്‍ഹിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് നേര്‍വിപരീതമാണ് നിയമസഭാ ഫലങ്ങളെന്നതാണ് പാര്‍ട്ടിയെ ചിന്തിപ്പിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ തന്ത്രം പയറ്റണമെന്നാണ് ഇതോടെ ആവശ്യം ഉയരുന്നത്. സിഎഎ നടപ്പാക്കുന്നതിന് പുറമെ എന്‍ആര്‍സി ആവശ്യണ്ടോ എന്നതും പ്രചരണങ്ങളെ ബാധിക്കുന്ന വിഷയമാണ്.

മികച്ച ഭരണം എന്നതില്‍ ഊന്നി പ്രചരണം നടത്തുന്നതാണ് ഗുണകരമെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ കരുതുന്നു. ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അതിശക്തമായാണ് പൗരത്വ നിയമം, എന്‍ആര്‍സി എന്നിവയ്ക്ക് എതിരായി പ്രതിഷേധം നയിക്കുന്നത്. തന്ത്രം മാറ്റിയില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന ബിജെപിയുടെ ആശങ്ക വരുംദിനങ്ങള്‍ സുപ്രധാന മാറ്റങ്ങള്‍ക്ക് ഇടയാക്കിയേക്കും.

Top