പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ്; പുതിയ രാഷ്ട്രീയ സമവാക്യങ്ങളുമായി ആര്‍ ജെ ഡി

കൊല്‍ക്കത്ത:പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടുന്നു. ആര്‍.ജെ.ഡി, തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മമതാ ബാനര്‍ജി ബീഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തും.

തിങ്കളാഴ്ച പുറത്തുവിടുമെന്ന് പ്രഖ്യാപിച്ച തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകിയേക്കുമെന്നാണ് സൂചന. 10-12 സീറ്റുകളില്‍ മത്സരിക്കാനാണ് ആര്‍.ജെ.ഡി നീക്കം.

ബീഹാറി വോട്ടര്‍മാരുള്ള ഹൗറ, വെസ്റ്റ് ബര്‍ധൗന്‍, കൊല്‍ക്കത്തയിലെ ചില മണ്ഡലങ്ങള്‍ എന്നിവിടങ്ങളാണ് ആര്‍.ജെ.ഡി ലക്ഷ്യമിടുന്നത്. തൃണമൂലിന്റെ തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്ന പ്രശാന്ത് കിഷോര്‍ ഞായറാഴ്ച ആര്‍.ജെ.ഡി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

നേരത്തെ സമാജ്വാദി പാര്‍ട്ടിയും മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എട്ട് ഘട്ടങ്ങളിലായിട്ടാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെയുള്ള തീയതികളിലായിരിക്കും വോട്ടെടുപ്പ് നടക്കുക.

Top