ബംഗാൾ അധ്യാപക നിയമന അഴിമതി; ഇതുവരെ പിടിച്ചെടുത്തത് 50 കോടിയും 5 കിലോ സ്വ‍ർണവും

കൊൽക്കത്ത: അധ്യാപക നിയമന അഴിമതി കേസില്‍ അറസ്റ്റിലായ പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സഹായി അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് ഇഡി വീണ്ടും പണം കണ്ടെടുത്തു. 29 കോടി രൂപയാണ് ഇത്തവണ കണ്ടെത്തിയത്. കൂടാതെ അഞ്ച് കിലോ തൂക്കം വരുന്ന സ്വർണാഭരണങ്ങളും കണ്ടെടുത്തു. ഇന്നലെ നടന്ന റെയഡ് 18 മണിക്കൂറാണ് നീണ്ടു നിന്നത്. പിടിച്ചെടുത്ത പണം പത്ത് വലിയ പെട്ടികളിലാക്കിയാണ് നീക്കിയത്.

അര്‍പിതയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളാണ് ഇഡി മരവിപ്പിച്ചത്. കഴിഞ്ഞ ദിവസം അർപിതയുടെ വീട്ടിൽ നടത്തിയ മിന്നല്‍ പരിശോധനയില്‍ 21 കോടി രൂപ ഇഡി പിടിച്ചെടുത്തിരുന്നു. ഇഡി കസ്റ്റഡിയിലുള്ള അര്‍പിത മുഖർജി ചോദ്യം ചെയ്യലിനിടെയാണ് ധനശേഖരത്തെ കുറിച്ച് വെളിപ്പെടുത്തിയത്. മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുമായി പണമിടപാട് നടന്നുവെന്ന് അര്‍പിത സമ്മതിച്ചതായും ഇഡി വ്യക്തമാക്കി. മന്ത്രിയേയും ഇഡി ചോദ്യം ചെയ്യുകയാണ്.

വിഷയത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ബിജെപി രംഗത്തെത്തി. ബംഗാളിൽ നടക്കുന്ന അഴിമതികളിൽ മമതാ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് ബിജെപി ചോദിച്ചു. തൃണമൂലിന്റെ അഴിമതിക്കഥകൾ ഒരോന്നായി പുറത്ത് വരികയാണ്. പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് നീക്കാൻ മമത തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു.

പണം ഒരു മുറിയിൽ മാത്രമാണ് സൂക്ഷിച്ചിരുന്നതെന്നും പാർത്ഥ ചാറ്റർജിയും അദ്ദേഹത്തിന്‍റെ ആളുകളും മാത്രമാണ് ആ മുറിയിൽ പ്രവേശിച്ചിരുന്നതെന്നും അർപിത പറഞ്ഞതായാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആഴ്ചയിലൊരിക്കലോ പത്ത് ദിവസം കൂടുമ്പോഴോ മന്ത്രി തന്‍റെ വീട്ടിൽ വരുമായിരുന്നു. തന്‍റെ വീടും മറ്റൊരു സ്ത്രീയെയും മിനി ബാങ്ക് ആയാണ് പാർത്ഥ ചാറ്റർജി ഉപയോ​ഗിച്ചത്. ആ സ്ത്രീയും പാർത്ഥ ചാറ്റർജിയുടെ സുഹൃത്താണെന്നും അർപിത മുഖർജി അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മൊഴി നൽകിയെന്നാണ് റിപ്പോർട്ട്.

മുറിയിൽ എത്ര പണമുണ്ടായിരുന്നുവെന്ന് മന്ത്രി തന്നോട് വെളിപ്പെടുത്തിയിരുന്നില്ല. ബം​ഗാളി സിനിമാ താരമാണ് തനിക്ക് ചാറ്റർജിയെ പരിചയപ്പെടുത്തിയത്. 2016 മുതൽ ഇരുവരും സുഹൃത്തുക്കളാണ്. മന്ത്രിയല്ല മറ്റുള്ളവരാണ് പണം കൊണ്ടുവന്നിരുന്നതെന്നും അർപിത പറഞ്ഞു. പാർത്ഥ ചാറ്റർ‌ജിയെ ഓ​ഗസ്റ്റ് മൂന്ന് വരെ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Top