ബംഗാളില്‍ റാലിക്കിടെ പൊലീസ് മര്‍ദ്ദനമേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു

dyfi11

കൊല്‍ക്കത്ത:ബംഗാളില്‍ തൊഴിലവസരങ്ങള്‍ ആവശ്യപ്പെട്ട് നടത്തിയ റാലിക്കിടെ പൊലീസ് മര്‍ദ്ദനമേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു. മര്‍ദ്ദനമേറ്റതിന് പിന്നാലെ 33 കാരനായ മൈദുല്‍ ഇസ്ലാം മിദ്ദ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം, ആന്തരിക പരിക്കുകളില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെന്ന് പൊലീസ് പറഞ്ഞു.

എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. മിദ്ദ്യയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് സിപിഎം പൊലീസ് അതിക്രമത്തിനെതിരെ രംഗത്തെത്തി. മിദ്ദ്യയുടെ മരണത്തില്‍ അപലപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി കുടുംബത്തിന് സാമ്പത്തിക സഹായവും ജോലിയും വാഗ്ദാനം ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവറായ മിദ്ദ്യയ്ക്ക് അമ്മയും ഭാര്യയും രണ്ട് പെണ്‍കുട്ടികളുമാണ്.

മിദ്ദ്യയുടെ മൃതദേഹവുമായി വിലാപയാത്ര നടത്താന്‍ പൊലീസ് അനുമതി നിഷേധിച്ചതോടെ കൊല്‍ക്കത്ത നഗരത്തില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധമാണ് നടത്തുന്നത്. പ്രതിഷേധത്തില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റു. റോഡ് ഗതാഗതം സ്തംഭിക്കുകയും നിരവധി വസ്തുക്കള്‍ തകര്‍ക്കുകയും ചെയ്തു.

മിദ്ദ്യയെ പൊലീസ് കൊലപ്പെടുത്തിയതാണെന്ന് സിപിഎം ആരോപിച്ചു. കിഡ്‌നി തകരാരുമൂലമാണ് മിദ്ദ്യയുടെ മരണമെന്നും ഇത് പൊലീസ് മര്‍ദ്ദനത്തില്‍ സംഭവിച്ചതാകാമെന്നും പരിശോധിച്ച ഡോക്ടറും സിപിഎം പ്രവര്‍ത്തകനുമായ ഡോ ഹാലിം വ്യക്തമാക്കി. അതിക്രൂരമായി പൊലീസ് മിദ്ദ്യയെ മര്‍ദ്ദിച്ചിരുന്നുവെന്നാണ് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആരോപിച്ചു. സംഭവത്തില്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷന്‍ മുഹമ്മദ് റിയാസ് പ്രതിഷേധത്തിനാഹ്വാനം ചെയ്തു.

‘വിദ്യാര്‍ത്ഥികളേയും യുവാക്കളേയും പൊലീസ് നേരിടുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടാല്‍ മനസിലാകും ഈ സര്‍ക്കാര്‍ എത്രത്തോളം ഭയപ്പെടുന്നുവെന്ന്. ഇത് കൊലപാതകമല്ലാതെ മറ്റൊന്നുമല്ല’, സി.പി.ഐ.എം നേതാവ് സുജന്‍ ചക്രബര്‍ത്തി പ്രതികരിച്ചു.

 

Top