ചോറും കറികളും, പട്ടിണിയാണെന്ന് പറഞ്ഞ് പോസ്റ്റിട്ട ബംഗാളി യുവാവ് കുടുങ്ങിയതിങ്ങനെ

പിറവം: ഫെയ്‌സ് ബുക്കില്‍ വാസ്തവ വിരുദ്ധമായ പോസ്റ്റിട്ട ബംഗാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കൊത്ത നാദിയ സ്വദേശിയായ മിനാറുള്‍ ഷെയ്ക്ക് (28) ആണ് പിടിയിലായത്. മികച്ച സൗകര്യങ്ങളോടെ ജീവിച്ചിട്ടും പട്ടിണിയാണെന്നും കഴിക്കാന്‍ ബിസ്‌കറ്റ് പോലും കിട്ടുന്നില്ലെന്നുമാണ് യുവാവ് പോസ്റ്റിട്ടത്.

നാലുവര്‍ഷമായി പിറവം ടൗണിലെ പച്ചക്കറിക്കടയില്‍ ജോലിക്കാരനായ യുവാവ്. കര്‍ഫ്യൂ കാലത്തും എല്ലാ ദിവസത്തേയും പോലെ പണിയെടുക്കുകയും സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റുകയും ചെയ്ത് കഴിയുന്നതിനിടയിലാണ് ഇത്തരത്തില്‍ വാസ്തവ വിരുദ്ധമായ പോസ്റ്റിട്ടത്.

യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ട് ബംഗാള്‍ പോലീസാണ് കേരള പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം നല്‍കിയത്. അവര്‍ ഇത് ജില്ലാ കളക്ടര്‍ക്ക് കൈമാറുകയായിരുന്നു. എറണാകുളം കളക്ടര്‍ എസ്. സുഹാസ് വിവരം പിറവം നഗരസഭയില്‍ അറിയിക്കുകയും തുടര്‍ന്ന് നഗരസഭാ ആരോഗ്യവിഭാഗം അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്.

അടുക്കളയില്‍ ചോറും കറികളും മറ്റ് സാധനങ്ങളും ധാരാളമായി സംഭരിച്ചിട്ടുള്ളതായി അധികൃതര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിറവം എസ്.ഐ വി.ഡി. റെജിരാജിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു.

പിറവത്ത് ഫയര്‍സ്റ്റേഷന് സമീപം വാടകവീട്ടില്‍ പതിനഞ്ചോളം അതിഥി തൊഴിലാളികളാണ് ഒരുമിച്ച് താമസിക്കുന്നത്. എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

Top