ബി.ജെ.പി പേടിയില്‍ ബംഗാള്‍ മുഖ്യമന്ത്രി, രഥയാത്ര നടത്തിയിരിക്കുമെന്ന് ബി.ജെ.പി

mamatha-amithshah-news

ധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബി.ജെ.പി പ്രതീക്ഷയോടെ ഇപ്പോള്‍ കാണുന്നത് ബംഗാളിനെ. ലോകസഭ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ 42 സീറ്റില്‍ പകുതിയിലേറെ നേടി പുതിയ ചരിത്രമെഴുതും എന്ന അവകാശവാദമാണ് ബി.ജെ.പി നേതൃത്വം ഉന്നയിക്കുന്നത്.

രഥയാത്രക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നിഷേധിച്ചെങ്കിലും സുപ്രീം കോടതി ഇടപെടലോടെ രഥയാത്ര നടത്താൻ തന്നെയാണ് ബി.ജെ.പി തീരുമാനം. അമിത് ഷാ തന്നെ രഥം നയിക്കുമെന്നും പാർട്ടി സംസ്ഥാന ഘടകം അറിയിച്ചിട്ടുണ്ട്. കലാപ സാധ്യത മുൻ നിർത്തി അനുമതി നൽകരുതെന്ന മമത ബാനർജി ഭരണകൂടത്തിന്റെ റിപ്പോർട്ട് മുൻ നിർത്തിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രഥയാത്രക്ക് അനുമതി നിഷേധിച്ചത്.നേരത്തെ സിംഗിൾ ബെഞ്ച് നൽകിയ അനുമതി റദ്ദാക്കിയായിരുന്നു ഈ തീരുമാനം

2014ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റില്‍ മാത്രം വിജയിക്കാന്‍ കഴിഞ്ഞ ബി.ജെ.പിക്ക് വോട്ടിങ് ശതമാനത്തിലെ വര്‍ദ്ധനവും ഇപ്പോഴത്തെ ബംഗാളിലെ രാഷ്ട്രീയ സാഹചര്യവുമാണ് പ്രതീക്ഷക്കു വക നല്‍കുന്നത്.

കോണ്‍ഗ്രസ്സിന് 4ഉം സി.പി.എമ്മിന് രണ്ടും സീറ്റുകള്‍ കൊണ്ട് തൃപ്തിപെടേണ്ടി വന്ന കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 34 സീറ്റ് നേടി ബംഗാള്‍ തൂത്ത് വാരിയത് തൃണമൂല്‍ കോണ്‍ഗ്രസ്സ് ആണ്.

കേന്ദ്ര ഭരണം ഉപയോഗിച്ച് ശക്തമായ ഇടപെടലുകള്‍ നടത്തി മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി പടവെട്ടിയാണ് ബി.ജെ.പി ഇവിടെ പിടിച്ചു നില്‍ക്കുന്നത്. ഹൈന്ദവ വികാരം ഇളക്കിവിട്ട് വോട്ട് നേടാനുള്ള ശ്രമമാണ് ബംഗാളില്‍ മറ്റു സംഘപരിവാര്‍ സംഘടനകളുടെ സഹായത്തോടെ ബി.ജെ.പി നടത്തി വരുന്നത്.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ രഥയാത്ര തടയാന്‍ മമത ഭരണകൂടത്തെ പ്രേരിപ്പിച്ചതും ഈ അപകടം മുന്നില്‍ കണ്ടാണ്. റാലി നടന്നാല്‍ വര്‍ഗീയ സംഘര്‍ഷം സംസ്ഥാനത്തുണ്ടാകുമെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

42 ലോകസഭ മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന രഥയാത്രയുടെ വിജയത്തിനായി വിപുലമായ പദ്ധതികളാണ് ബി.ജെ.പി തയ്യാറാക്കിയിരിക്കുന്നത്. എന്തു വന്നാലും ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പി രഥം ബംഗാളിനെ ഉഴുതുമറിക്കും എന്നു തന്നെയാണ് നേതൃത്വം അവകാശപ്പെടുന്നത്.

ലോകസഭ തിരഞ്ഞെടുപ്പില്‍ അടിതെറ്റിയാല്‍ അത് ബംഗാള്‍ ഭരണം തന്നെ നഷ്ടമാകും എന്ന തിരിച്ചറിവില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മറ്റു പ്രതിപക്ഷ പാര്‍ട്ടികളോടുള്ള നിലപാട് തന്നെ ഇപ്പോള്‍ മയപ്പെടുത്തിയിട്ടുണ്ട്.

ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ മുന്നണിക്ക് സി.പി.എമ്മുമായി പോലും സഹകരിക്കാം എന്ന നിലപാടിലാണ് മമത. എന്നാല്‍ ഒരു കാരണവശാലും മമതയെ മുന്‍ നിര്‍ത്തിയുള്ള ഒരു നീക്കത്തെയും പിന്തുണക്കില്ലെന്ന നിലപാടിലാണ് സി.പി.എം.

തൃണമൂല്‍ സര്‍ക്കാറും ഗുണ്ടകളും ബംഗാളില്‍ സി.പി.എം പ്രവര്‍ത്തകരോട് ചെയ്ത ക്രൂരതകള്‍ മറന്ന് സഹകരിച്ചാല്‍ രക്തസാക്ഷികളോട് ചെയ്യുന്ന അനീതി ആയിരിക്കുമെന്നാണ്. നേതൃത്വത്തിന്റെ നിലപാട്. നിരവധി സിപിഎം പ്രവര്‍ത്തകരാണ് മമത ബാനര്‍ജിയുടെ ഭരണത്തിന്‍ കീഴില്‍ ബംഗാളില്‍ കൊല്ലപ്പെട്ടത്.

അതേസമയം, ന്യായമായ സീറ്റുകള്‍ വിട്ടു നല്‍കിയാല്‍ തൃണമൂല്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കാം എന്ന നിലപാടിലാണ് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം. മറുവിഭാഗം സി.പി.എമ്മുമായി സഹകരിക്കണമെന്ന നിലപാടിലാണ്.

ഇതിനിടെ മമതയെ കൂട്ടുപടിച്ച് കേന്ദ്രത്തില്‍ കുറു മുന്നണി ഉണ്ടാക്കാന്‍ തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ് നേതാവുമായ ചന്ദ്രശേഖര റാവു തന്നെ ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റായി മകന്‍ രാമറാവുവിനെ നിയമിച്ചാണ് ഡല്‍ഹി തട്ടകമാക്കാന്‍ ചന്ദ്രശേഖരറാവു ഒരുങ്ങുന്നത്.

ബി.ജെ.പിയാകട്ടെ പ്രതിപക്ഷ ഐക്യം പ്രധാനമന്ത്രി പദ മോഹത്തില്‍ തട്ടി തകരുമെന്ന പ്രതീക്ഷയിലാണ് തന്ത്രങ്ങള്‍ മെനയുന്നത്.

Top