ബംഗാള്‍ വെടിവെയ്പ്പ്; സുരക്ഷാ സേനയുടെ ലക്ഷ്യം നരഹത്യയെന്ന് മമത

കൊല്‍ക്കത്ത: ബംഗാളില്‍ വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനിടയില്‍ സിഐഎസ്എഫ് നടത്തിയ വെടിവെപ്പ് നരഹത്യയാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജനക്കൂട്ടത്തെ പിരിച്ച് വിടുകയായിരുന്നു സുരക്ഷാസേനയുടെ ലക്ഷ്യമെങ്കില്‍ കാലിലായിരുന്നു വെടിവെക്കേണ്ടിയിരുന്നതെന്നും മരിച്ചവരുടെ നെഞ്ചില്‍ വെടിയേറ്റതിനാല്‍ നരഹത്യ തന്നെയായിരുന്നു ലക്ഷ്യമെന്നും മമത ആരോപിച്ചു.

കൂച്ച് ബിഹാറിലെ സിതല്‍കൂച്ചി നിയോജക മണ്ഡലത്തിലെ ഒരു വോട്ടെടുപ്പ് കേന്ദത്തിലുണ്ടായ സംഘര്‍ഷത്തിനിടെ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ അഞ്ച് പേരാണ് മരിച്ചത്. പ്രദേശത്ത് 72 മണിക്കൂര്‍ നേരത്തേക്ക് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ ഉത്തരവിനേയും മമത രൂക്ഷമായി വിമര്‍ശിച്ചു.

ദുരന്തം നേരിട്ടവരുടെ ബന്ധുക്കളേയും കുടുംബാംഗങ്ങളേയും താന്‍ സന്ദര്‍ശിക്കുന്നത് തടയാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവെന്ന് മമത പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മമത മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിച്ചു. 72 മണിക്കൂര്‍ സമയപരിധി പൂര്‍ത്തിയായാലുടനെ തന്നെ സിതല്‍കൂച്ചിയിലെത്തുമെന്നും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സ്വന്തം തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് ധനസഹായം നല്‍കുമെന്നും മമത അറിയിച്ചു.

ബിജെപി എല്ലാ കരുത്തുമുപയോഗിച്ച് ശ്രമിച്ചാലും ജനങ്ങളെ കാണുന്നതില്‍ നിന്നോ അവരുടെ ദുഃഖങ്ങള്‍ നേരിട്ടറിയുന്നതില്‍ നിന്നോ തന്നെ തടയാനാവില്ലെന്ന് ട്വിറ്ററിലൂടെ മമത പറഞ്ഞിരുന്നു. കൂച്ച് ബെഹാറിലെ സഹോദരങ്ങളെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് തന്നെ മൂന്ന് ദിവസം അവര്‍ തടഞ്ഞെങ്കിലും നാലാമത്തെ ദിവസം താനവിടെ എത്തിയിരിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.

 

Top