ഒറ്റക്ക് പട നയിച്ച് ബി.ജെ.പിയെ തടഞ്ഞ് മമത !

മോഡി- അമിത്ഷാ കൂട്ടുകെട്ടിനെ വംഗനാട്ടില്‍ തനിച്ച് തടഞ്ഞുനിര്‍ത്തി ബംഗാളിൽ മമതയുടെ മാജിക്ക്. ബംഗാള്‍ പിടിച്ചെടുക്കുമെന്ന പ്രധാനമന്ത്രി- നരേന്ദ്രമോഡിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും അഹങ്കാരത്തെയാണ് വീല്‍ചെയറിലിരുന്ന് തെരഞ്ഞെടുപ്പ് പ്രചരണം നടത്തി മമത തറപറ്റിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും നേതാക്കളെ വിലക്കെടുത്ത് ഭരണം പിടിക്കാനുള്ള ബി.ജെ.പി നീക്കത്തെയാണ് ബംഗാളിലെ ജനങ്ങള്‍ തടഞ്ഞിരിക്കുന്നത്. ബംഗാളിലെ 294 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 210 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പിക്ക് 80 സീറ്റുകളില്‍ മുന്നിലെത്താനേ കഴിഞ്ഞിട്ടുള്ളൂ.

മോഡിയും അമിത്ഷായും റോഡ് ഷോയും റാലികളും നടത്തി ബംഗാള്‍ പിടിച്ചെടുക്കുമെന്ന സന്ദേശമാണ് നല്‍കിയിരുന്നത്. പ്രമുഖ തൃണമൂല്‍ നേതാക്കളെ അടര്‍ത്തിയെടുത്ത് അവര്‍ മമതക്ക് ശക്തമായ വെല്ലുവിളിയും ഉയര്‍ത്തി. എന്നാല്‍ നേതാക്കളുടെ കാലുമാറ്റത്തില്‍ പതറാതെ മമത ബാനര്‍ജി തനിച്ചാണ് ബംഗാളില്‍ യുദ്ധം നയിച്ചത്. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം വേണമെന്നാവശ്യപ്പെട്ട് മമത സോണിയാഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ക്കെല്ലാം കത്തയച്ചെങ്കിലും കോണ്‍ഗ്രസ് മമതയെ തുണക്കാതെ സി.പി.എമ്മുമായി സഖ്യം ചേര്‍ന്ന് മത്സരിക്കുകയായിരുന്നു.

ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി അടക്കമുള്ള കക്ഷികള്‍ മാത്രമാണ് മമതയെ പിന്തുണക്കാനെത്തിയത്. മമതക്കെതിരെ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിച്ച ഇടതുപക്ഷത്തിന് ഒരു സീറ്റില്‍പോലും ജയിക്കാതെ സമ്പൂര്‍ണ്ണ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. സി.പി.എമ്മിന്റെ 35 വര്‍ഷത്തെ അധികാരകുത്തക തകര്‍ത്താണ് 2011ല്‍ മമതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചത്. ഭരണത്തില്‍ ഹാട്രിക് തികക്കുകയാണിപ്പോള്‍ മമത. കേന്ദ്രത്തില്‍ മോഡിക്കെതിരെ ശക്തമായ നേതൃത്വമാകും ഇനി മമത ബാനര്‍ജി എന്നാണ് ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ 42 ലോക്‌സഭാ മണ്ഡലങ്ങളില്‍ 22 സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ 18 സീറ്റുമായി ശക്തമായ സാന്നിധ്യമാകാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു. കോണ്‍ഗ്രസ് 2 സീറ്റിലൊതുങ്ങിയപ്പോള്‍ 35 വര്‍ഷം ബംഗാള്‍ ഭരിച്ച സി.പി.എമ്മിനെ ഒരു സീറ്റുപോലും ലഭിച്ചില്ല.

തൃണമൂല്‍ കോണ്‍ഗ്രസ് 43.69 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ ബി.ജെ.പി 40.64 ശതമാനം വോട്ടാണ് പിടിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം മുഖവിലക്കെടുത്താണ് മോഡിയും അമിത്ഷായും ബംഗാള്‍ പിടിക്കാനായി അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്. രാജ്യത്ത് കോവിഡ് പടര്‍ന്ന് പിടിക്കുന്ന ഘട്ടത്തില്‍ പോലും കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയ റോഡ്‌ഷോയും റാലിയകളുമാണ് മോഡിയും അമിത്ഷായും ബംഗാളില്‍ നടത്തിയത്.

തന്റെ പഴയ വിശ്വസ്ഥന്‍ സുവേന്ദു അധികാരിയെ ബി.ജെ.പി ചാക്കിട്ട് പിടിച്ചപ്പോള്‍ സുവേന്ദു മത്സരിക്കുന്ന നന്ദിഗ്രാമില്‍ മത്സരിക്കാനുള്ള ചങ്കൂറ്റവും മമത കാണിച്ചു. കൊല്‍ക്കത്തയിലെ സ്വന്തം മണ്ഡലമായ ഭവാനിപൂര്‍ ഉപേക്ഷിച്ചാണ് മമത നന്ദിഗ്രാമില്‍ മത്സരിച്ചത്. നന്ദിഗ്രാമില്‍ പ്രചരണത്തിനിടെയാണ് മമതക്ക് കാലില്‍ പരിക്കേറ്റത്. ഇതിനു പിന്നില്‍ ബി.ജെ.പിയാണെന്ന് ആരോപിച്ച് മമത പിന്നീട് വീല്‍ചെയറിലിരുന്നാണ് പ്രചരണത്തിന് നേതൃത്വം നല്‍കിയത്. ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന മമത ബാനര്‍ജിയുടെ വാക്കുകള്‍ ബി.ജെ.പിക്കാണ് തിരിച്ചടിയാകുന്നത്.

Top