bengal election – cpm

cpm

ന്യൂഡല്‍ഹി: ബംഗാള്‍ തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് ഇപ്പോഴേ ആശങ്കയും ആശയക്കുഴപ്പവുമായി സിപിഎം. കോണ്‍ഗ്രസുമായി ചങ്ങാത്തമുണ്ടാക്കിയിട്ട് ഫലം വിജയമാണെങ്കിലും പരാജയമാണെങ്കിലും പ്രശ്നമാകുമെന്നാണ് നേതാക്കള്‍ സൂചിപ്പിക്കുന്നത്.

ഇപ്പോഴത്തെ കൂട്ടുകെട്ടു വിജയിച്ചാല്‍ പൊതു മിനിമം പരിപാടിയുമായി ഭരിക്കുമെന്നാണ് ബംഗാള്‍ ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ് പറയുന്നത്; അത്തരമൊരു ചര്‍ച്ചയുമുണ്ടായിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും.

എടുത്തുചാട്ടസ്വഭാവമുള്ളതരം പ്രസ്താവനകള്‍ ഇപ്പോള്‍ ഉചിതമല്ലെന്ന സൂചനയാണ് ഇതു ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ യച്ചൂരിയില്‍നിന്നുണ്ടായത്.

ബംഗാളിലെ പിന്‍വാതില്‍ ചങ്ങാത്തം ഒരുമിച്ചുള്ള പ്രചാരണത്തില്‍ എത്തിനില്‍ക്കുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായി സിപിഎം നേതാക്കളും മറിച്ചും പ്രചാരണത്തിനിറങ്ങുന്നു.

ഇടതുപക്ഷത്തെ മറ്റുകക്ഷികള്‍ ഇതേക്കുറിച്ചു കാര്യമായൊന്നും പറയുന്നില്ലെന്നതു ശ്രദ്ധേയമാണ്. കോണ്‍ഗ്രസും സിപിഎമ്മുമായുള്ള ഇടപാടാണ്, ജനവികാരമാണ് എന്നൊക്കെ മാത്രമാണ് ഇതേക്കുറിച്ച് മറ്റൊരു ഇടതുപാര്‍ട്ടിയുടെ നേതാവു പ്രതികരിച്ചത്.

മനസില്ലാമനസോടെ കൂട്ടുകെട്ടുണ്ടാക്കിയിട്ടും പരാജയമാണ് ഫലമെങ്കില്‍ ബംഗാള്‍ ഘടകം മാത്രമല്ല, ജനറല്‍ സെക്രട്ടറിയും കടുത്ത വിമര്‍ശനമേല്‍ക്കേണ്ടിവരും.

കോണ്‍ഗ്രസുമായി ധാരണയോ കൂട്ടുകെട്ടോ പാടില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം നടപ്പാക്കാനാവാത്തയാള്‍ ജനറല്‍ സെക്രട്ടറിയായിരിക്കാന്‍ യോഗ്യനല്ലെന്നു വാദിച്ചവര്‍ പൊളിറ്റ് ബ്യൂറോയിലുണ്ട്.

ആഞ്ഞടിക്കാന്‍ അവര്‍ അവസരം പാര്‍ത്തിരിക്കുകയാണ്. കൂട്ടുകെട്ട് ജയത്തിനു വഴിവയ്ക്കുമെങ്കില്‍ അവര്‍ക്കു നാവടക്കേണ്ടിവരും. വിജയം സംഭവിച്ചാല്‍ അതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുനീക്കന്നതും ജനറല്‍ സെക്രട്ടറിക്കു വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വിലയിരുത്തുന്നത്. കോണ്‍ഗ്രസുമായി ഭരണം പങ്കിടുന്നതെങ്ങനെയെന്ന വലിയ ചോദ്യമാവും അപ്പോള്‍ മുന്നിലുണ്ടാവുക.

Top