ബംഗാള്‍ പ്രതിസന്ധി മോദിക്കുള്ള തെരഞ്ഞെടുപ്പ് സമ്മാനം;പിന്തുണച്ച് കനിമൊഴിയും,തേജസ്വിയും

കൊല്‍ക്കത്ത: ബംഗാളിലെ പ്രതിസന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പിന് മുമ്പുള്ള സമ്മാനമാണെന്ന് ഡി.എം.കെ നേതാവ് കനിമൊഴി. ധര്‍ണ നടത്തുന്ന മമത ബാനര്‍ജിയെ സമരപ്പന്തലിലെത്തി കണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ശേഷമാണ് അവരുടെ പ്രതികരണം.

ഭരണഘടനാ അധികാരമുപയോഗിച്ച് മറ്റുള്ളവരെകൂടെ നിര്‍ത്താമെന്ന ബി.ജെ.പിയുടെ ധാരണ ഒരിക്കലും നടക്കാന്‍ പോവുന്നില്ലെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു. രാജ്യം മുഴുവന്‍ മമതയെ ഉറ്റുനോക്കുകയാണ്. ഇനി അധികാരത്തിലേക്ക് തിരിച്ചു വരാന്‍ പോവുന്നില്ലെന്ന് ജനുവരി 19ലെ റാലിക്കു ശേഷം ബി.ജെ.പി മനസ്സിലാക്കിയിട്ടുണ്ടെന്നും കനിമൊഴി പറഞ്ഞു.

അതേസമയം,ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും മമതയെ സമരപ്പന്തലിലെത്തി സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. മമതയുടെ നടപടിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിം കോടതി പരിഗണിക്കുന്നുണ്ട്. സുപ്രിം കോടതിയില്‍ നിന്ന് അനുകൂലവിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍.

Top