ആ . . .കണ്ണീരൊപ്പിയത് സി.പി.എമ്മെന്ന് ഓർമ്മപ്പെടുത്തിയ വൻ ജനപ്രവാഹം !

ബംഗാളിന്റെ മണ്ണ് ചുവപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും ചെമ്പടക്കുണ്ടെന്ന് പ്രഖ്യാപിച്ച വമ്പന്‍ ഇടതുപക്ഷ റാലി മമത ഭരണകൂടത്തിനുള്ള താക്കീതായി.

ലോകസഭ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി നടത്തിയ മഹാറാലിയില്‍ ഇടതുപക്ഷത്തെ മുഴുവന്‍ പാര്‍ട്ടികളും അണിനിരന്നെങ്കിലും 90 ശതമാനം പ്രവര്‍ത്തകരും സി.പി.എമ്മില്‍ നിന്നു മാത്രമായിരുന്നു.

കൊട്ടിഘോഷിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സ് ജനുവരിയില്‍ നടത്തിയ റാലിയെ കവച്ച് വയ്ക്കുന്ന പ്രകടനമാണ് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ അരങ്ങേറിയത്.

തൃണമൂല്‍ കരുത്ത് തെളിയിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ദേശീയ നേതാക്കളെ അണിനിരത്തി മമത റാലി നടത്തിയ അതേ ഗ്രൗണ്ടില്‍ തന്നെ ഒരു മാസ് മറുപടി.

ഇടതുപക്ഷ റാലി പൊളിക്കാന്‍ മമത ഭരണകൂടം സര്‍വ്വ അടവുകളും പയറ്റിയിട്ടും ആ മഹാ ജനസാഗരത്തെ തടയാനായില്ല.

പ്രവര്‍ത്തകരെ കൊണ്ടു പോകാന്‍ ബുക്ക് ചെയ്ത വാഹനങ്ങള്‍ ഭരണകൂട ഭീഷണിയെ തുടര്‍ന്ന് പലയിടത്തു നിന്നും പിന്‍മാറി. ഗതാഗതം തടസ്സപ്പെടുത്താനും ശ്രമമുണ്ടായി.

എന്നാല്‍ ഈ പ്രതിസന്ധികളെ എല്ലാം അതിജീവിച്ച് ബംഗാള്‍ ഹൃദയ ഭൂമി ഒരിക്കല്‍ കൂടി ചെമ്പട ചുവപ്പിക്കുകയായിരുന്നു.

2011 മുതല്‍ മമത ഭരണകൂടവും തൃണമൂല്‍ കോണ്‍ഗ്രസ്സും നടത്തിയ ആക്രമണങ്ങളില്‍ പലായനം ചെയ്യേണ്ടി വന്നവരുടെ തിരിച്ചു വരവ് കൂടിയായാണ് മഹാറാലി വിലയിരുത്തപ്പെടുന്നത്.

ഐതിഹാസികമായ പോരാട്ടങ്ങളുടെ ചരിത്രമുള്ള ബംഗാളില്‍ ചെങ്കൊടി ഭരണം തിരിച്ചു കൊണ്ടുവരിക എന്നത് സി.പി.എം പ്രവര്‍ത്തകരെ സംബന്ധിച്ച് ജീവിത ലക്ഷ്യമാണ്. അതിനു വേണ്ടി എന്തു ത്യാഗം സഹിക്കാനും അവര്‍ തയ്യാറുമാണ്.

മമത ഭരണത്തിന് കീഴില്‍ തെരുവില്‍ പിടഞ്ഞ് വീണത് നിരവധി സഖാക്കളാണ്. കാമ്പസുകളില്‍ കയറി വിദ്യാര്‍ത്ഥി നേതാക്കളെ കൊലപ്പെടുത്തുന്ന തരത്തിലേക്ക് വരെ ഈ ഭീകരത മാറി. നിരവധി പേര്‍ സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തു. പാര്‍ട്ടി ഓഫീസുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് ഓഫീസാക്കി മാറ്റി.

നെറികേടിന്റെയും പകപോക്കലിന്റെയും രാഷ്ട്രീയമാക്കി ബംഗാള്‍ മണ്ണിനെ മമത മാറ്റി. ഇതിന് കാലം കരുതിവച്ച ഒരു തിരിച്ചടി അകലയല്ലെന്ന് പ്രഖ്യാപിക്കാന്‍ കൂടിയാണ് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ ജനലക്ഷങ്ങള്‍ ഒത്തുചേര്‍ന്നത്. രാജ്യത്തെ ഇടതുപക്ഷ മനസ്സുകളെ സംബന്ധിച്ച് ആവേശം ഉയര്‍ത്തുന്ന കാഴ്ചയാണിത്. ഒപ്പം വലിയ പ്രതീക്ഷയും.

വംഗനാട്ടിലെ വിപ്ലവ പോരാട്ടങ്ങള്‍ക്ക് എക്കാലത്തും തീ പടര്‍ത്തിയ കാമ്പസുകള്‍ ഇന്നും മമത ഭരണകൂടത്തിന് ഒരു പേടി സ്വപ്നമാണ്. കോളജ് തിരഞ്ഞെടുപ്പുകളില്‍ എസ്.എഫ്.ഐ ആധിപത്യം നേടും എന്ന ഒറ്റ കാരണത്താല്‍ തിരഞ്ഞെടുപ്പ് തന്നെ ഇവിടങ്ങളില്‍ നടത്താറില്ല.

2019ലെ ലോകസഭ തിരഞ്ഞെടുപ്പ് സി.പി.എമ്മിനെ സംബന്ധിച്ച് അതി നിര്‍ണ്ണായകമാണ്. ബംഗാളില്‍ ശക്തമായി തിരിച്ചു വരാനുള്ള സൂചനയായി ഈ തിരഞ്ഞെടുപ്പ് മാറണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.

മമത ഭരണകൂട ഭീകരതയില്‍ മനംമടുത്ത ജനങ്ങളെ സ്വാധീനിക്കാന്‍ ബി.ജെ.പി നടത്തുന്ന നീക്കങ്ങളെയും ഗൗരവമായാണ് സി.പി.എം നേതൃത്വം കാണുന്നത്. ബംഗാളിന്റെ മഹത്തായ സംസ്‌കാരത്തെ തന്നെ മാറ്റുന്നതിനുള്ള പ്രവര്‍ത്തികളാണ് മമത ഭരണകൂടം ഇപ്പോള്‍ ബംഗാളില്‍ നടപ്പാക്കി വരുന്നത്. കാവി രാഷ്ട്രീയത്തിന് വേരുറപ്പിക്കാനുള്ള സാഹചര്യമായി ഈ നീക്കം മാറുന്നതില്‍ മത ന്യൂനപക്ഷങ്ങളും ആശങ്കയിലാണ്. തീവ്ര മത മൗലികവാദികളെ കൂട്ടുപിടിച്ച് ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കാനാണ് മമതയുടെ ശ്രമം. ഇതാണിപ്പോള്‍ ബി.ജെ.പിക്കും വളമാകുന്നത്.

ചുവപ്പിന് അടിപതറിയാല്‍ അവിടെ കാവി രാഷ്ട്രീയം മേധാവിത്വം ഉറപ്പിക്കുമെന്ന യാഥാര്‍ത്ഥ്യം മത ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണമെന്നാണ് ഇടതുപക്ഷ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

കാവിഭീകരത ഗുജറാത്തില്‍ താണ്ഡവ നൃത്തമാടിയപ്പോള്‍ ജീവനുംകൊണ്ട് പലായനം ചെയ്ത നിസ്സഹായരുടെ ചിത്രങ്ങള്‍ നാം വീണ്ടും ഓര്‍ക്കണം. അതില്‍ കണ്ണീരണിഞ്ഞ ഒരു മുഖമുണ്ടായിരുന്നു. കൈകൂപ്പി ജീവനുവേണ്ടി യാചിക്കുന്ന, കൊല്ലരുതേ എന്ന് ഭയവിഹ്വലതയോടെ അപേക്ഷിക്കുന്ന ഖുദ്ബുദ്ദീന്‍ അന്‍സാരിയുടെ ചിത്രം.

മതേതര ഇന്ത്യയെ കണ്ണീരണിയിച്ച ദൃശ്യമായിരുന്നു അത്. ഇതുപോലെ ഒരുപാട് ഖുദ്ബുദ്ദീന്‍ അന്‍സാരിമാര്‍ക്ക് ജീവഭയം കൂടാതെ സൈ്വര്യമായി ജീവിക്കാന്‍ അഭയം നല്‍കിയത് ഇടതുപക്ഷ ബംഗാളായിരുന്നു.

മതമൗലികാവാദത്തിന്റെയും വര്‍ഗീയ ഭീകരവാദത്തിന്റെയും മരണവാറണ്ടുകള്‍ വേട്ടയാടിക്കൊണ്ടിരുന്ന നാളുകളില്‍ തസ്ലിമ നസ്‌റീന് അഭയമേകിയതും ഈ ചുവപ്പു മണ്ണാണ്. എന്തിനധികം? ജീവകാരുണ്യത്തിന്റെ മൂര്‍ത്തീമദ്ഭാവമായ മദര്‍ തെരേസയ്ക്ക് എത്രയോ പതിറ്റാണ്ടുകള്‍ സ്വസ്ഥമായി കഴിയാനും പ്രവര്‍ത്തിക്കാനും ചുവപ്പു പരവതാനി വിരിച്ചതും വംഗനാടാണ്. മദര്‍ തെരേസയുടെ മിഷന്‍ ആസ്ഥാനത്തേക്ക് സഹോദരനെപ്പോലെ ഒരാള്‍ അക്കാലത്ത് കടന്നുചെല്ലുമായിരുന്നു. കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി ജ്യോതിബസു. ഇതാണ് ചരിത്രം.

വര്‍ത്തമാന കാലഘട്ടത്തില്‍ പള്ളികള്‍ ആക്രമിക്കപ്പെടുന്നു. ക്രിസ്ത്യന്‍ മിഷണറിമാരെ കൂട്ടത്തോടെ വേട്ടയാടുന്നു. കന്യാസ്ത്രീ ബലാത്സംഗത്തിനിരയാകുന്നു. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്നു. ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. വര്‍ഗ്ഗീയ വാദികള്‍ പിടിമുറുക്കുന്നു. ക്രൗര്യം നിറഞ്ഞ ഈ മുഖത്തില്‍ നിന്നൊരു മാറ്റമാണ് ബംഗാള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അതിനുള്ള തുടക്കമായാണ് റാലിയുടെ വമ്പന്‍ വിജയത്തെ സിപിഎം നേതൃത്വം നോക്കിക്കാണുന്നത്.

political reporter

Top