bengal – cpim – congress

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകളില്‍ ഇത്തവണം ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മില്‍ സൗഹൃദമത്സരം നടക്കും. 23 സീറ്റുകളിലേയ്ക്ക് കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് ഏഴ് സീറ്റുകളില്‍ സൗഹൃദമത്സരം ഉറപ്പായത്. സീറ്റ് ധാരണ സംബന്ധിച്ച പ്രതിസന്ധി പരിഹരിയ്ക്കാന്‍ ഇടതുപക്ഷവും കോണ്‍ഗ്രസും അവസാനവട്ട ശ്രമം നടത്തുന്നതിനിടെയാണിത്.

ഇതോടെ ബംഗാളില്‍ കോണ്‍ഗ്രസ് മത്സരിയ്ക്കുന്ന സീറ്റുകളുടെ എണ്ണം 97 ആയി. നേരത്തെ 75 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു സീറ്റ് ഇടതുപക്ഷത്തിന് വേണ്ടി കോണ്‍ഗ്രസ് ഒഴിഞ്ഞിരുന്നു. പുരുളിയയിലെ ജയ്പൂര്‍ സീറ്റാണ് മാറ്റിവച്ചത്.

16 സീറ്റില്‍ കൂടി കോണ്‍ഗ്രസ് മത്സരിയ്ക്കുന്നുണ്ടെന്ന് ബംഗാള്‍ പി.സി.സി പ്രസിഡന്റ് അധീര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി. ഭരത്പൂര്‍, ഡോംകോള്‍, ഹരിഹര്‍ പാര, ഹരിശ്ചന്ദ്രാപൂര്‍, മാലതിപ്പൂര്‍, തപന്‍. ബെലിയാഘട്ട എന്നീ സീറ്റുകളിലാണ് സൗഹൃദ മത്സരം നടക്കുന്നത്.

എട്ട് സീറ്റുകളില്‍ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കും. ഒദ്യോഗികമായി സഖ്യം രൂപീകരിയ്ക്കാതെ നീക്കുപോക്കിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷവും കോണ്‍ഗ്രസും മത്സരിയ്ക്കുന്നത്.

Top