സാമ്പത്തിക പ്രതിസന്ധി; പശ്ചിമബംഗാളില്‍ സിപിഐ മുഖപത്രം പ്രസിദ്ധീകരണം നിര്‍ത്തുന്നു

cpi

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ 53 വര്‍ഷമായി പ്രസിദ്ധീകരിച്ചിരുന്ന സി.പി.ഐ മുഖപത്രം കലന്തര്‍ നാളെ മുതല്‍ പ്രസിദ്ധീകരണം നിര്‍ത്തുന്നു. കേന്ദ്ര-സംസ്ഥാന പരസ്യങ്ങള്‍ നല്‍കാതായതോടെ വന്ന സാമ്പത്തിക പ്രതിസന്ധിയാണ് തീരുമാനത്തിന് പിന്നിലെന്ന് മാനേജ്മെന്റ് വിശദീകരണം നല്‍കി.

”പരസ്യ വരുമാനമില്ലാതെ കലന്തര്‍ ദിനപ്പത്രം ഒരു യുദ്ധം തോറ്റുകൊണ്ടിരിക്കുകയാണ്. സംസ്ഥാന നിയമവാഴ്ച തകര്‍ന്നിരിക്കുന്നതും, രാജ്യത്ത് മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണം നടക്കുന്നതുമായ ഈ ഘട്ടത്തില്‍ ഒരു വലിയ പ്രതിഷേധത്തെ തളര്‍ത്താനേ കലന്തറിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കുന്നത് ഉപകരിക്കൂ എന്നറിയാം. എന്നാല്‍ ഈ ഘട്ടത്തില്‍ ഇത് മാത്രമാണ് ഞങ്ങളുടെ മുന്നിലുളള വഴി.” ഇന്നത്തെ പത്രത്തിന്റെ ആദ്യ പേജില്‍ എഡിറ്റര്‍ വ്യക്തമാക്കി.

പത്രം നടത്തിക്കൊണ്ടുപോകാന്‍ സാമ്പത്തിക ശേഷി കൈവരിക്കുന്നത് വരെ കലന്തര്‍ ദ്വൈവാരികയായി പുറത്തിറക്കാനാണ് തീരുമാനമെന്ന് ഇന്നത്തെ എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു. ഭാവി പരിപാടികള്‍ നാളത്തെ എഡിറ്റോറിയലിലും വിശദീകരിക്കും.

1966 ഒക്ടോബര്‍ ഏഴിനാണ് കലന്തര്‍ പത്രമായി അച്ചടിച്ച് തുടങ്ങിയത്. പത്രത്തിന്റെ സുവര്‍ണ്ണ കാലത്ത് പ്രതിദിനം 50,000 കോപ്പികള്‍ വരെ വിറ്റഴിച്ചിരുന്നു. നീണ്ട 34 വര്‍ഷത്തെ അധികാരത്തിന് ശേഷം ഇടതുപക്ഷം താഴെയിറങ്ങിയതോടെ പത്രത്തിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ ലഭിക്കാതെയായി. 2011 മുതല്‍ ഈ പ്രതിസന്ധിയെ പത്രം നേരിടുകയായിരുന്നു. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം അവിടെ നിന്നുള്ള പരസ്യങ്ങളും നിലച്ചിരുന്നു.

Top