ബംഗാളില്‍ ഇടത് അനുഭാവികള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തു; സമ്മതിച്ച് സീതാറാം യെച്ചൂരി

yechu

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പാര്‍ട്ടിക്കുള്ളിലെ വോട്ട് ചോര്‍ച്ചയെക്കുറിച്ച് തുറന്നു സമ്മതിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തങ്ങളുടെ അനുഭാവികള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് യെച്ചൂരി പറഞ്ഞു.

ഇതാദ്യമായാണ് തങ്ങളുടെ അനുയായികള്‍ കൂട്ടമായി ബി.ജെ.പിക്ക് വോട്ട് ചെയ്‌തെന്ന് ഒരു സി.പി.എം നേതാവ് സമ്മതിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നേറ്റ അടിച്ചമര്‍ത്തലും ഭീകരതയും മറികടക്കുക മാത്രമായിരുന്നു വോട്ടര്‍മാരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മതേതര നിലപാട് സംരക്ഷിക്കണം എന്നാഗ്രഹിക്കുന്ന ഇടതുപക്ഷ വിശ്വാസികള്‍ ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്തയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു യെച്ചൂരി. എന്നാല്‍ സംസ്ഥാനത്തെ പാര്‍ട്ടി അംഗങ്ങളിലാരും ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെന്നും അനുഭാവികള്‍ മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ സമയത്ത് നാല് തവണ സംസ്ഥാനത്ത് എത്തിയ താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍, ‘ഇക്കുറി രാമന് വോട്ട്, അടുത്ത തവണ ഇടതിന്,’ എന്ന മുദ്രാവാക്യം വിളിച്ചത് കേട്ടിരുന്നുവെന്നും പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസുമായി സഖ്യം യാഥാര്‍ത്ഥ്യമാകാത്തതല്ല തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

Top