ഹിതപരിശോധന വിഴുങ്ങി മമത; ഒപ്പം പ്രധാനമന്ത്രി മോദിയോട് അപേക്ഷയും

പൗരത്വ നിയമത്തിലും, പൗരത്വ രജിസ്റ്ററിലും ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷണത്തില്‍ ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ തിരുത്തുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ദേശവ്യാപക പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി ഇടപെടണമെന്നാണ് അവരുടെ അഭ്യര്‍ത്ഥന.

‘പ്രധാനമന്ത്രിയോടാണ് അഭ്യര്‍ത്ഥന. നമുക്ക് സമാധാനം പുനഃസ്ഥാപിക്കണം. താങ്കള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, ബിജെപിയുടേതല്ല. ദയവായി വിഷയത്തില്‍ ഇടപെടണം, പ്രശ്‌നം അവസാനിപ്പിക്കണം. ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ഈ തലത്തില്‍ എത്തുമ്പോള്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ താഴണം. ഇന്ത്യയുടെ പൗരനെന്ന നിലയില്‍ സിഎഎയും, എന്‍ആര്‍സിയും പിന്‍വലിക്കുന്നതായി പ്രഖ്യാപിക്കണം’, മമത പറഞ്ഞു.

ആളുകളുടെ ഉള്ളില്‍ തീയുള്ളത് കൊണ്ടാണ് സംഘര്‍ഷം. അത് പരിശോധിക്കണം. ഇതാണ് ആവശ്യമെന്ന് പ്രധാനമന്ത്രിയെ അറിയിക്കുകയാണ്. ബിജെപി നേതാക്കള്‍ പ്രശ്‌നം ആളിക്കത്തിക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്നാണ് അപേക്ഷ, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹിതപരിശോധന വേണമെന്ന ആവശ്യവും അവര്‍ പിന്‍വലിച്ചു. അഭിപ്രായ സര്‍വ്വെ നടത്തണമെന്നാണ് ഉദ്ദേശിച്ചത്, മമത പറഞ്ഞു. യുഎന്നിനെ ഉള്‍പ്പെടെ വലിച്ചിഴച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുങ്ങിയിരുന്നു.

Top