ബംഗാളില്‍ ഉപതിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; തൃണമൂല്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് ബിജെപി സ്ഥാനാര്‍ഥി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അസന്‍സോള്‍ ലോക്സഭാ മണ്ഡലത്തിലേയ്ക്കു നടന്ന ഉപതിരഞ്ഞെടുപ്പിനിടെ ബിജെപി സ്ഥാനാര്‍ഥിയെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. ബിജെപി വനിതാ സ്ഥാനാര്‍ഥിയായ അഗ്‌നിമിത്ര പോളിനെ മര്‍ദിക്കുകയും നേതാക്കളുടെ കാറിനെതിരേ കല്ലെറിയുകയും ചെയ്തുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. പോളിങ് ബൂത്തില്‍ നിന്ന് പുറത്തുപോകാന്‍ തന്നോട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായും ബൂത്തിലുണ്ടായിരുന്ന നേതാക്കളെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതായും അഗ്‌നിമിത്ര പറഞ്ഞു. എന്നാല്‍ ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് അഗ്‌നിമിത്രയെ തൃണമൂല്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം. ‘മുളവടിയും കല്ലും ഉപയോഗിച്ചാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ ഞങ്ങളെ ആക്രമിച്ചത്. മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ഞങ്ങളെ ഇല്ലാതാക്കാന്‍ എത്ര ശ്രമിച്ചാലും ബിജെപി ഇവിടെ ഉണ്ടാകുമെന്നും അഗ്‌നിമിത്ര പറഞ്ഞു. പോലീസ് കയ്യും കെട്ടി നോക്കി നിന്നുവെന്നും അവര്‍ ആരോപിച്ചു.

ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന ബാബുല്‍ സുപ്രിയോ രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയ ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശത്രുഘ്നന്‍ സിന്‍ഹയും ബിജെപിയുടെ അഗ്‌നിമിത്ര പോളും തമ്മിലാണ് പ്രധാന മത്സരം.

Top