‘കൊറോണയില്‍ നിന്ന് രക്ഷിക്കണം മോദി ജി; മാസ്‌ക് വിതരണം ചെയ്ത് ബിജെപി; പുറകെ വിമര്‍ശനവും

കൊല്‍ക്കത്ത: കൊറോണയെ നേരിടാന്‍ പശ്ചിമ ബംഗാളില്‍ ബിജെപി വിതരണം ചെയ്ത മാസ്‌കിന് ഗുണനിലവാരമില്ലെന്ന് വിമര്‍ശനം. സര്‍ജിക്കല്‍ മാസ്‌കുകളോ എന്‍-95 മാസ്‌കുകളോ ആണ് വൈറസിനെ പ്രതിരോധിക്കാന്‍ ഉപയോഗിക്കേണ്ടതെന്നും ഇത്തരം തുണിപോലുള്ള വസ്തുക്കള്‍ കൊണ്ടുള്ള മാസ്‌കുകള്‍ ഉപയോഗിച്ചാല്‍ ശരിയായ ഗുണം ലഭിക്കില്ലെന്നാണ് വിമര്‍ശനം.

ഇന്നലെയാണ് ബംഗാളിലെ പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് മാസ്‌ക് വിതരണം ചെയ്തത്.
മോദിയുടേയും ബിജെപിയുടേയും പേര് അച്ചടിച്ച മാസ്‌കുകളാണ് വിതരണം ചെയ്തത്. പൊതുസ്ഥലങ്ങളിലും മറ്റും മുഖാവരണം ധരിച്ച് മാത്രമേ പുറത്തിറങ്ങാവൂ എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കര്‍ശനമായി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് മാസ്‌ക് വിതരണവുമായി ബിജെപി രംഗത്തെത്തിയത്.

മാസ്‌കിന് മുകളില്‍ പ്രധാനമന്ത്രിയുടെ പേര് എഴുതിയതിനെയും സാമൂഹ്യമാധ്യങ്ങള്‍ ഇപ്പോള്‍ പരിഹസിക്കുന്നുണ്ട്. കൊറോണ വൈറസ് ഇന്‍ഫെക്ഷനില്‍ നിന്ന് രക്ഷിക്കണം മോദി ജി എന്നാണ് മാസികില്‍ എഴുതിയിരിക്കുന്നത്.
മോദിയെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പരിഹസിക്കാന്‍ തുടങ്ങിയോയെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യം.

എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയല്ല മാസ്‌ക് വിതരണം നടന്നതെന്ന് ബിജെപി മീഡിയ സെല്‍ പ്രതികരിച്ചു. ആരെങ്കിലും അത് ചെയ്തിട്ടുണ്ടെങ്കില്‍ അത് അവരുടെ സ്വന്തം കഴിവിലാണെന്നും മീഡിയ സെല്‍ വക്താക്കള്‍ വിശദീകരിച്ചു.

Top