സംസ്ഥാന നേതാക്കള്‍ നോക്കി നില്‍ക്കെ ബംഗാള്‍ ബിജെപി യോഗത്തില്‍ കയ്യാങ്കളി

കൊല്‍ക്കത്ത: സംസ്ഥാന നേതാക്കള്‍ നോക്കി നില്‍ക്കെ ബംഗാള്‍ ബിജെപി യോഗത്തില്‍ കയ്യാങ്കളി. രണ്ട് ചേരിയായി തിരിഞ്ഞ പ്രവര്‍ത്തകര്‍ അടിക്കുകയും ഇടിക്കുകയും കസേരകൊണ്ട് പരസ്പരം എറിയുകയും ചെയ്തു. പശ്ചം ബര്‍ധമാനിലെ കട്ട്വയിലായിരുന്നു സംസ്ഥാന അധ്യക്ഷന്‍ സുഗന്ധ മജുംദാറും മുതിര്‍ന്ന നേതാവ് ദിലിപ് ഘോഷും നോക്കി നില്‍ക്കെ കയ്യാങ്കളി നടന്നത്. സംഭവം പൊലിപ്പിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണ് പ്രശ്‌നത്തിന് പിന്നിലെന്നും പുതിയ നേതൃത്വത്തിന് കീഴില്‍ പാര്‍ട്ടി ശക്തമായി മുന്നോട്ടുപോകുമെന്നും മജുംദാറും ദിലിപ് ഘോഷും മാധ്യമങ്ങളോട് പറഞ്ഞു.

യോഗത്തിനിടെ ഒരു വിഭാഗം മുന്‍ പ്രസിഡന്റ് ദിലിപ് ഘോഷിനെതിരെ രംഗത്തെത്തി. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടെന്നും മുന്‍ നേതൃത്വത്തിനെതിരെ ഒരു വിഭാഗം ആരോപണം ഉന്നയിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നിലും ഒരു വിഭാഗം പ്രതിഷേധം തുടര്‍ന്നതോടെ മറുവിഭാഗവും രംഗത്തെത്തി. തുടര്‍ന്നായിരുന്നു കയ്യാങ്കളി. ജില്ലാ നേതാക്കള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. യോഗത്തിലേക്ക് തൃണമൂല്‍ നേതാക്കള്‍ അണികളെ പറഞ്ഞുവിട്ടെന്ന് മജുംദാര്‍ ആരോപിച്ചു. സംഭവത്തില്‍ ഏതെങ്കിലും ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാക്കളുടെ ആരോപണം ടിഎംസി നിഷേധിച്ചു. ബിജെപി പ്രവര്‍ത്തകരാണ് തമ്മില്‍ തല്ലിയതെന്നും തങ്ങള്‍ക്ക് പങ്കില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് ബിജെപിയില്‍ നിന്ന് പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുകയാണ്. മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ, മുകുള്‍ റോയ് അടക്കമുള്ളവര്‍ തൃണമൂലിലേക്ക് തിരിച്ചെത്തി. ബിജെപിയുടെ ആശയങ്ങളില്‍ ആകൃഷ്ടരായി എത്തിയവര്‍ പാര്‍ട്ടി വിട്ട് പോകില്ലെന്ന് ദിലിപ് ഘോഷ് പറഞ്ഞു.

Top