ബെനെല്ലി 302ആര്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി : കാത്തിരിപ്പുകള്‍ക്ക് വിരാമമായി, ബെനെല്ലി 302ആര്‍ മോട്ടോര്‍സൈക്കിള്‍ ഡിഎസ്‌കെ ബെനെല്ലി ഇന്ത്യയില്‍ അവതരിപ്പിച്ചു.

3.48 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഫുള്ളി ഫെയേഡ് മോട്ടോര്‍സൈക്കിളായ ബെനെല്ലി 302ആര്‍ കമ്പനിയുടെ എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിള്‍ കൂടിയാണ്. 2016 ഓട്ടോ എക്‌സ്‌പോയിലാണ് ആദ്യം പ്രദര്‍ശിപ്പിച്ചത്.

സഹോദരനായ ടിഎന്‍ടി 300 ന്റെ അതേ സ്‌റ്റൈലിംഗാണ് ബെനെല്ലി 302ആറിന്. ട്രെല്ലിസ് ഫ്രെയിമിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.

300 സിസി, ഇന്‍ലൈന്‍, 2 സിലിണ്ടര്‍, വാട്ടര്‍ കൂള്‍ഡ്, 4 സ്‌ട്രോക് എന്‍ജിനാണ് ബെനെല്ലി 302 ആറിന് നല്‍കിയിരിക്കുന്നത്. ഈ എന്‍ജിന്‍ 38.26 എച്ച്പി പവറും 27 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്.

അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ അഡ്ജസ്റ്റബിള്‍ മോണോ ഷോക്ക് സസ്‌പെന്‍ഷനുമാണ് ബൈക്കിന് കൊടുത്തിരിക്കുന്നത്. മുന്നില്‍ ഇരട്ട 260 എംഎം ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ സിംഗിള്‍ 240 എംഎം ഡിസ്‌ക് ബ്രേക്കും ഘടിപ്പിച്ചിരിക്കുന്നു.

2,150 എംഎം നീളം, 745 എംഎം വീതി, 1,115 എംഎം ഉയരം എന്നിവയാണ് ഡിഎസ്‌കെ ബെനെല്ലി 302ആറിന്റെ വലുപ്പം സംബന്ധിച്ച അളവുകള്‍. ഗ്രൗണ്ട് ക്ലിയറന്‍സ് 150 എംഎം, 198 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്, 14 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി.

സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, വൈസര്‍, വൈഡ് ഹാന്‍ഡില്‍ ബാറുകള്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പുകള്‍, സൈഡ്മൗണ്ടഡ് എക്‌സ്‌ഹോസ്റ്റുകള്‍ എന്നിവ പ്രത്യേക സവിശേഷതകളാണ്.

വൈറ്റ് റോസ്സോ, സില്‍വര്‍ വെര്‍ഡേ, റെഡ് നീറോ എന്നീ നിറങ്ങളില്‍ ലഭിക്കും. 500 സിസിക്ക് താഴെ വരുന്ന സെഗ്‌മെന്റിലെ യമഹ വൈഇസഡ്എഫ്ആര്‍3, കാവസാക്കി നിഞ്ച 300 എന്നിവയാണ് ബെനെല്ലി 302 ന്റെ പ്രധാന എതിരാളികള്‍. ബെനെല്ലി 302ആറിന്റെ ബുക്കിംഗ് കമ്പനി ഡീലര്‍ഷിപ്പുകള്‍ നേരത്തെ സ്വീകരിച്ചുതുടങ്ങിയിരുന്നു.

Top