ബെനെലിയുടെ ഇംപീരിയാലെ 400 ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു

ബെനെലിയുടെ ഇംപീരിയാലെ 400 ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. 23,800 ചൈനീസ് യൂവാനാണ് (2.40 ലക്ഷം രൂപ) ചൈനയില്‍ ഇതിന്റെ വിപണി വില. മെറൂണ്‍, സില്‍വര്‍, ബ്ലാക്ക്, ബീജ് എന്നീ നാല് നിറങ്ങളിലാണ് ഇംപീരിയാലെ 400 ലഭ്യമാവുക.

ദീപാവലിയ്ക്ക് ബെനെലി ഇന്ത്യന്‍ വിപണിയില്‍ എത്തും. ചൈനീസ് സ്പെക്കിന് സമാനമായ ഇംപീരിയാലെ 400 മോഡലാണ് ഇന്ത്യയിലുമെത്തുക.

റെട്രോ രൂപമാണ് ഇംപീരിയാലെയുടെ സവിശേഷത. റൗണ്ട് ഹെഡ് ലൈറ്റ്, ഫ്യുവല്‍ ടാങ്ക്, സീറ്റ്, നീളമേറിയ ഹാന്‍ഡില്‍ ബാര്‍ തുടങ്ങി മിക്ക ഭാഗങ്ങളും റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് മോഡലുകളോട് സാമാനമാണ്.

ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. ഉയര്‍ന്നിരിക്കുന്ന ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സ്റ്റൈലിഷ് ലുക്ക് നല്‍കും. ബോഡിയില്‍ പല ഇടങ്ങളിലായുള്ള ക്രോം ഫിനിഷിങ് കരുത്തന്‍ പരിവേഷം നല്‍കും.സുരക്ഷ ഉറപ്പാക്കാന്‍ ഡിസ്‌ക് ബ്രേക്കിനൊപ്പം ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്.

205 കിലോഗ്രമാണ് വാഹനത്തിന്റെ ആകെ ഭാരം. 373.5 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇംപീരിയാലെയ്ക്ക് കരുത്ത് പകരുന്നത്. 5500 ആര്‍പിഎമ്മില്‍ 19 ബിഎച്ച്പി പവറും 3500 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ നല്‍കും. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് സ്പോക്ക് വീല്‍. മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സുമാണ് സസ്‌പെന്‍ഷന്‍.

Top