ബെനെലി ഇംപീരിയല്‍ 530 ഇന്ത്യയിലേക്ക്; പേറ്റന്റ് ചിത്രം പുറത്ത്‌

റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണിയെ ലക്ഷ്യമാക്കി ഇറ്റാലിയന്‍ ബൈക്ക് നിര്‍മാതാക്കളായ ബെനെലി ഇന്ത്യയിലേക്ക്. ഈ കമ്പനിയുടെ രണ്ടാമത്തെ മോഡലും ഇന്ത്യയിലെത്തുന്നെന്ന് സൂചന നല്‍കി ഇംപീരിയല്‍ 530-ന്റെ പേറ്റന്റ് ഇമേജുകള്‍ പുറത്തുവന്നു. ബൈക്ക് സോഷ്യല്‍ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് ഇംപീരിയല്‍ 530-ന്റെ പേറ്റന്റ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

നിലവില്‍ ഇന്ത്യയിലുള്ള ഇംപീരിയാലെ 400-ന്റെ അതേരൂപമാണ് ഇംപീരിയല്‍ 530-ക്കുമെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. റെട്രോ രൂപമാണ് ഇംപീരിയല്‍ 530-ന്റെയും സവിശേഷത. റൗണ്ട് ഹെഡ് ലൈറ്റ്, ഫ്യുവല്‍ ടാങ്ക്, സീറ്റ്, നീളമേറിയ ഹാന്‍ഡില്‍ ബാര്‍ എന്നിങ്ങനെയാണ് ഇംപീരിയല്‍ 530-ന്റെ അടിസ്ഥാന ഡിസൈനുകള്‍.

ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയ്മിലാണ് ഈ വാഹനത്തിന്റെയും നിര്‍മാണം.
ഉയര്‍ന്നിരിക്കുന്ന ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സ്‌റ്റൈലിഷ് ലുക്ക് നല്‍കും. സ്പീഡോ മീറ്റര്‍, ടാക്കോമീറ്റര്‍, ഓഡോമീറ്റര്‍, ഫ്യുവല്‍ ഗേജ് എന്നിവ ഇതില്‍ ദൃശ്യമാകും.
530 സിസി എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുക. ഇത് 30 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കും. 374 സിസി എന്‍ജിനാണ് ഇംപീരിയാലെ 400-ന്റെ ഹൃദയം. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് സ്‌പോക്ക് വീല്‍. മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സുമാണ് സസ്‌പെന്‍ഷന്‍.

സുരക്ഷ ഉറപ്പാക്കാന്‍ ഡിസ്‌ക് ബ്രേക്കിനൊപ്പം ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്.

Top