ഐടി ഇതര സ്റ്റാര്‍ട്ടപ്പുകള്‍ക്കും ആനുകൂല്യങ്ങള്‍; മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഐടി അനുബന്ധ സ്റ്റാർട്ടപ്പുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന വിവിധ ആനുകൂല്യങ്ങൾ ഐടി ഇതര സ്റ്റാർട്ടപ്പ് മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കും. സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത സ്റ്റേറ്റ് യുണീക്ക് ഐഡിയുള്ള സ്റ്റാർട്ടപ്പുകളുടെ മൊബൈൽ ആപ്പുകൾ, മറ്റ് സോഫ്റ്റ്വെയർ ഉൽപന്നങ്ങൾ മുതലായ ഐടി അനുബന്ധ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും നൽകിവരുന്ന ആനുകൂല്യങ്ങളാണ് ഐടി ഇതര മേഖലകൾക്ക് കൂടി നൽകുക.

സ്റ്റോർ പർച്ചേസ് വകുപ്പും ഇലക്ട്രോണിക്സും വിവര സാങ്കേതിക വകുപ്പും സംയുക്തമായി തയ്യാറാക്കുന്ന വ്യവസ്ഥയ്ക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായാണ് അനുവദിക്കുക. സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ കാലാവധി സ്റ്റാർട്ടപ്പ് രജിസ്ട്രേഷൻ തിയതി മുതൽ 3 വർഷമോ ഉൽപന്നത്തിന് സ്റ്റാർട്ടപ്പ് മിഷൻ അംഗീകാരം നൽകിയ തിയതി മുതൽ 3 വർഷമോ ഏതാണ് ഒടുവിൽ വരുന്നത് അത് നിശ്ചയിക്കും.

സ്റ്റേറ്റ് യുണീക്ക് ഐഡിയുള്ള സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള എല്ലാത്തരം ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വാങ്ങലുകൾക്കുള്ള ധനപരിധി 20 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായി ഉയർത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്റ്റേറ്റ് യുണീക്ക് ഐഡിയുള്ള വിവിധ മേഖലകളിലുള്ള സ്റ്റാർട്ടപ്പുകൾക്ക് ലിമിറ്റഡ് ടെൻഡറിൽ പങ്കെടുക്കുന്നതിനുള്ള പരിധി 1 കോടി രൂപയിൽ നിന്ന് 3 കോടി രൂപയായി ഉയർത്തും.

Top