ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സ് ടെസ്റ്റുകളില്‍ നിന്ന് പിന്മാറി

ലണ്ടന്‍: പാകിസ്ഥാനെതിരായ മത്സരങ്ങളില്‍ ഇംഗ്ലണ്ടിന് അപ്രതീക്ഷിത തിരിച്ചടി. ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സ അടുത്ത രണ്ട് പരമ്പരകളില്‍ നിന്നും പിന്മാറി. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. താരത്തിന്റെ അഭാവം പാകിസ്ഥാന് ഇനിയുള്ള ടെസ്റ്റുകളില്‍ ആശ്വാസമാകും. സ്റ്റോക്സ് ഈയാഴ്ച ന്യൂസിലാന്‍ഡിലേക്കു തിരിക്കും.

വെസ്റ്റ് ഇന്‍ഡീസിനെതിരെ സമാപിച്ച മൂന്നു ടെസ്റ്റുകളുടെ പരമ്പര ഇംഗ്ലണ്ടിനു 2-1നു നേടിക്കൊടുക്കുന്നതില്‍ സ്റ്റോക്സ് സുപ്രധാന പങ്കുവഹിച്ചിരുന്നു. ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ അഭാവത്തില്‍ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നയിച്ചതും അദ്ദേഹമായിരുന്നു.

പാകിസ്ഥാനെതിരെയുള്ള ഒന്നാം ടെസ്റ്റില്‍ ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാന്‍ സ്റ്റോക്സിനായിരുന്നില്ല. എന്നാല്‍ രണ്ടാമിന്നിങ്സില്‍ 11 റണ്‍സിനു രണ്ടു വിക്കറ്റെടുത്ത അദ്ദേഹം ബൗളിങില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. നിലവില്‍ ഐസിസി റാങ്കിങില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ടെസ്റ്റ് ഓള്‍റൗണ്ടര്‍ കൂടിയാണ് സ്റ്റോക്സ്. ആന്‍ഡ്രു ഫ്ളിന്റോഫിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇംഗ്ലണ്ട് താരമാണ് അദ്ദേഹം.

Top