ഓൾ റൗണ്ട് മികവിൽ ടെസ്റ്റ് ക്രിക്കറ്റിലെ അപൂർവ റെക്കോര്‍ഡ് സ്വന്തമാക്കി ബെന്‍ സ്റ്റോക്സ്

കെന്നിംഗ്ടണ്‍ ഓവല്‍: ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍ക്കൊപ്പം ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സ്. ടെസ്റ്റ് ക്രിക്കറ്റില്‍ 6000ത്തിലേറെ റണ്‍സും 100 വിക്കറ്റും 100 ക്യാച്ചും തികക്കുന്ന മൂന്നാമത്തെ മാത്രം ക്രിക്കറ്ററെന്ന നേട്ടമാണ് ഇന്നലെ സ്റ്റോക്സ് സ്വന്തമാക്കിയത്. ഇതിഹാസ താരങ്ങളായ വെസ്റ്റ് ഇന്‍ഡീസിന്റെ ഗാരി സോബേഴ്സ്, ദക്ഷിണാഫ്രിക്കയുടെ ജാക് കാലിസ് എന്നിവര്‍ മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഇംഗ്ലണ്ടിനായി 97 ടെസ്റ്റില്‍ കളിച്ചിട്ടുള്ള സ്റ്റോക്സിന്റെ പേരില്‍ 6075 റണ്‍സും 197 വിക്കറ്റും 100 ക്യാച്ചും സ്വന്തമാക്കി.

വിന്‍ഡീസിനായി 93 ടെസ്റ്റില്‍ കളിച്ചിട്ടുള്ള സോബേഴ്സ് 8032 റണ്‍സും 235 വിക്കറ്റും 109 ക്യാച്ചുകളുമാണ് കൈപ്പിടിയില്‍ ഒതുക്കിയത്. ദക്ഷിണാഫ്രിക്കക്കായി 166 ടെസ്റ്റില്‍ കളിച്ചിട്ടുള്ള കാലിസാകട്ടെ 13289 റണ്‍സും 292 വിക്കറ്റും 200 ക്യാച്ചും സ്വന്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത സ്റ്റോക്സും കോച്ച് ബ്രണ്ടന്‍ മക്കല്ലവും ചേര്‍ന്ന് നടപ്പാക്കിയ ബാസ്ബോള്‍ ശൈലി ആരാധകരെ ആവേശത്തിലാക്കിയിരുന്നു.

ഏകദിന ശൈലിയില്‍ അടിച്ചു തകര്‍ത്ത് ടെസ്റ്റില്‍ റണ്‍സടിക്കുന്നതാണ് ബാസ്ബോള്‍ ശൈലി. ആഷസ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും തോറ്റ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ജയിച്ച് തിരിച്ചുവന്നു. നാലാം ടെസ്റ്റില്‍ ജയിക്കാമായിരുന്നെങ്കിലും മഴ വില്ലനായി. ഇതോടെ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ ആഷസ് നിലനിര്‍ത്തി.

Top