കൊവിഡ് നിയമം മറന്ന് ബെന്‍ സ്റ്റോക്ക്‌സ്; താക്കീതുമായി അംപയര്‍

മൈതാനത്ത് കൊവിഡ് നിയമം മറന്ന സ്റ്റോക്ക്‌സിന് താക്കീത് നല്‍കി അംപയര്‍. ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍സ്റ്റോക്ക്‌സിനാണ് പൂനെയില്‍ വച്ച് നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിനിടെ താക്കീത് കിട്ടിയത്. ക്രിക്കറ്റ് പന്തില്‍ തുപ്പല്‍ പുരട്ടിയതിനാണ് താക്കീത്. കൊവിഡ് മഹാമാരിയ്ക്കിടെ നടക്കുന്ന മത്സരങ്ങള്‍ക്കായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ രൂപീകരിച്ച നിയമമാണ് സ്റ്റോക്ക്‌സ് തെറ്റിച്ചത്.

ഇത് തെറ്റിക്കുന്ന കളിക്കാര്‍ക്ക് ആദ്യം താക്കീതും വീണ്ടും ആവര്‍ത്തിച്ചാല്‍ ടീമിന് അഞ്ച് റണ്‍സ് പെനാല്‍റ്റിയും നല്‍കും. നാലാമത്തെ ഓവറിലെ രണ്ടാമത്തെ പന്തിലാണ് ബെന്‍ സ്റ്റോക്ക്‌സ് നിയമം മറന്നത്. റീസ് ടോപ്ലിക്ക് പന്ത് നല്‍കുന്നതിനിടയിലാണ് ബെന്‍ സ്റ്റോക്ക്‌സ് പന്തില്‍ തുപ്പല്‍ പുരട്ടിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട അംപയര്‍ സ്റ്റോക്ക്‌സിന് താക്കീത് നല്‍കുകയായിരുന്നു.

ലോക്ക്ഡൗണ്‍ കഴിഞ്ഞ ശേഷം ഉടന്‍ നടന്ന ടൂര്‍ണമെന്റുകളില്‍ താക്കീത് നല്‍കുന്നതില്‍ അവധാനത പുലര്‍ത്താന്‍ അംപയര്‍മാരോട് നിര്‍ദ്ദേശിച്ചിരുന്നു. ജൂലൈ 8ന് വെസ്റ്റ് ഇന്‍ഡീസുമായി നടന്ന ടൂര്‍ണമെന്റിലും ബെന്‍സ്റ്റോക്ക്‌സ് സമാനമായ നടപടി ചെയ്തിരുന്നു. പന്തില്‍ തുപ്പല്‍ പുരട്ടുന്നത് കണ്ടാല്‍ പന്ത് വൃത്തിയാക്കിയ ശേഷം മത്സരം പുനരാരംഭിക്കാവൂവെന്നാണ് ഐസിസി നിര്‍ദ്ദേശം.

Top