ബെല്‍ജിയത്തിനോട് തോല്‍വി വഴങ്ങിയ പോര്‍ച്ചുഗീസ് അതീവ ദുഃഖത്തിൽ

സെവിയ്യ: ബെല്‍ജിയത്തിനോട് തോല്‍വി നേരിട്ട പോര്‍ച്ചുഗീസ് കളിക്കാര്‍ അഗാധ തീവ്ര ദുഃഖിതരെന്ന് റിപ്പോർട്ടുകൾ. കളിക്കുശേഷം ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ആം ബാന്‍ഡ് മൈതാനത്ത് വലിച്ചെറിഞ്ഞാണ് കലിപ്പ് തീര്‍ത്തത്. മറ്റു കളിക്കാര്‍ ഡ്രസ്സിങ് റൂമില്‍ പൊട്ടിക്കരഞ്ഞാണ് സങ്കടം തീർത്തത്. ബെല്‍ജിയത്തിനെതിരെ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ തോല്‍വി. കനത്ത ആക്രമണം നടത്തിയിട്ടും പോര്‍ച്ചുഗലിന് ജയം നേടാനായില്ല.

കളിയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വേണ്ടത്ര തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. താരത്തിന്റെ ഒരു തകര്‍പ്പന്‍ ഫ്രീകിക്ക് ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബൗട്ട് കുര്‍ട്ടോയിസ് തട്ടിമാറ്റുകയും ചെയ്തു. റാഫേല്‍ ഗുരേരിയോ പോസ്റ്റിന് തൊട്ടു മുന്നില്‍ നിന്നും ഒരു സുവര്‍ണാവസരം തുലയ്ക്കുകകൂടി ചെയ്തതോടെ പോര്‍ച്ചുഗല്‍ തോല്‍വി ഉറപ്പിച്ചിരുന്നു. ടൂര്‍ണമെന്റില്‍ അഞ്ചു ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ കടുത്ത നിരാശയോടെയാണ് മൈതാനം വിട്ടത്.

കളിയില്‍ ക്യാപ്റ്റനെന്ന നിലയിലോ കളിക്കാരനെന്ന നിലയിലോ ക്രിസ്റ്റിയാനോയ്ക്ക് പിഴവൊന്നും സംഭവിച്ചിട്ടില്ലെന്ന് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് പറഞ്ഞു. കഴിവിന്റെ പരമാവധി തന്റെ കുട്ടികള്‍ ശ്രമിച്ചു. ഇരുപതിലേറെ ഷോട്ടകളുണ്ടായി. എതിര്‍വശത്താകട്ടെ ആകെ ആറു ഷോട്ടുകളും. അവര്‍ വല ലക്ഷ്യമാക്കി അടിച്ച ഏക ഷോട്ട് ഗോളാവുകയും ചെയ്തു.

Top