Belgium terror alert halts New Year fireworks in Brussels

ബ്രസല്‍സ്:ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ ഇത്തവണ പുതുവത്സരാഘോഷത്തിന് വെടിക്കെട്ടിന് നിയന്ത്രണം. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.

പാരീസ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നിരവധി പേര്‍ ബെല്‍ജിയന്‍ പൗരന്മാരായത് ജാഗ്രത വര്‍ദ്ധിപ്പിയ്ക്കാന്‍ ബെല്‍ജിയത്തെ പ്രേരിപ്പിയ്ക്കുന്നുണ്ട്, യൂറോപ്യന്‍ യൂണിയന്റെ കൂടി തലസ്ഥാനമാണ് ബ്രസല്‍സ്.

കഴിഞ്ഞ പുതുവര്‍ഷാഘോഷത്തില്‍ നഗരത്തിലെ പ്രധാന ചത്വരത്തിലും ഹൃദയഭാഗത്തുമായി വെടിക്കെട്ട് കാണാന്‍ തടിച്ചു കൂടിയത് ഏതാണ്ട് ഒരു ലക്ഷത്തോളം പേരാണ്. എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുകയെന്നത് പ്രായോഗികമല്ലെന്നും അതുകൊണ്ടാണ് ആഘോഷപരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്നും ബ്രസല്‍സ് മേയര്‍ വ്യക്തമാക്കി.

പുതുവര്‍ഷാഘോഷ പരിപാടികള്‍ക്കിടെ ബ്രസല്‍സില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട രണ്ട് പേരെ പിടികൂടിയതായി പൊലീസ് പറഞ്ഞു. ആഘോഷ പരിപാടി റദ്ദാക്കാനുള്ള മേയറുടെ തീരുമാനത്തെ പ്രധാനമന്ത്രി ചാള്‍സ് മൈക്കളും ശരി വച്ചു.

2007ലും ഇതുപോലെ പരിപാടി റദ്ദാക്കിയിരുന്നു. പാരീസിലും വെടിക്കെട്ട് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ പരമ്പരാഗതമായുള്ള നഗരത്തിലെ കൂടിച്ചേരല്‍ ഇത്തവണയും കനത്ത സുരക്ഷയില്‍ ഉണ്ടാകും.

Top