ബെല്‍ജിയം സൂപ്പര്‍ താരം ഏഡന്‍ ഹസാര്‍ഡ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു

ബെല്‍ജിയം സൂപ്പര്‍ താരം ഏഡന്‍ ഹസാര്‍ഡ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 32-ാംവയസിലാണ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരിലൊരാളായ ഹസാര്‍ഡ് ബൂട്ടഴിക്കുന്നത്. കഴിഞ്ഞ ജൂണില്‍ റയല്‍ മാഡ്രിഡ് വിട്ട താരം വേറെ ഒരു ക്ലബ്ബിലും ചേര്‍ന്നിരുന്നില്ല. ഖത്തര്‍ ലോകകപ്പില്‍ നിന്നും ബെല്‍ജിയം പുറത്തായതിന് പിന്നാലെ ഹസാര്‍ഡ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇന്നാണ് 16 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ഔദ്യോഗികമായി ഹസാര്‍ഡ് അറിയിച്ചത്.

ചെല്‍സിയില്‍ അത്ഭുതങ്ങള്‍ കാണിച്ചിരുന്ന ഹസാര്‍ഡിന്റെ കരിയര്‍ സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ എത്തിയതോടെയാണ് താഴോട്ടേക്ക് പതിക്കുന്നത്. റയലിനൊപ്പം ചാമ്പ്യന്‍സ് ലീഗ്, ഒരു ക്ലബ്ബ് ലോകകപ്പ്, ഒരു യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, രണ്ട് ലാലിഗ കിരീടങ്ങള്‍, ഒരു കോപ്പ ഡെല്‍റേ, രണ്ട് സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നിവ നേടിയിട്ടുണ്ടെങ്കിലും താരത്തിന്റെ കരിയര്‍ നിരാശാജനകമായിരുന്നു. 2019ല്‍ ചെല്‍സിയില്‍ നിന്ന് 89 ദശലക്ഷം പൗണ്ടിന് റയലിലെത്തിയ ഹസാര്‍ഡിനെ പിന്നീട് പരിക്ക് വലക്കുകയായിരുന്നു. 54 ലീഗ് മത്സരങ്ങളടക്കം ആകെ 76 മത്സരങ്ങളില്‍ മാത്രമാണ് റയലിന്റെ കുപ്പായത്തില്‍ താരത്തിന് പങ്കെടുക്കാനായത്. നേടാനായത് വെറും ഏഴ് ഗോളുകളും. ബെല്‍ജിയത്തിനായി 126 മത്സരങ്ങളില്‍ നിന്ന് 33 ഗോളും 36 അസിസ്റ്റുമാണ് ഹസാര്‍ഡ് നേടിയത്.

ഫ്രഞ്ച് ക്ലബ്ബായ ലില്ലെയില്‍ കരിയറാരംഭിച്ച ഹസാര്‍ഡ് 149 മത്സരങ്ങളില്‍ നിന്ന് 50 ഗോളുകള്‍ അടിച്ചുകൂട്ടിയിരുന്നു. പിന്നീട് 2012ല്‍ 32 ദശലക്ഷം പൗണ്ടിനാണ് ചെല്‍സി ഹസാര്‍ഡിനെ ടീമിലെത്തിച്ചത്. ചെല്‍സിക്കൊപ്പം മികച്ച പ്രകടനമാണ് ഹസാര്‍ഡ് കാഴ്ചവെച്ചത്. ക്ലബ്ബിനായി 352 മത്സരങ്ങളില്‍ നിന്ന് 110 ഗോളുകളാണ് താരത്തിന്റെ ബൂട്ടുകളില്‍ നിന്നും പിറന്നത്. നീലപ്പടക്കൊപ്പം രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങളിലാണ് ഹസാര്‍ഡ് പങ്കാളിയായത്. 2019ലെ യൂറോപ്പ ലീഗ് ഫൈനലില്‍ ചെല്‍സിക്ക് വേണ്ടിയുള്ള അവസാന മത്സരത്തില്‍ ആഴ്സണലിനെതിരെ വിജയഗോള്‍ നേടിയതും ഹസാര്‍ഡ് ആണ്. 2014-15ല്‍ മികച്ച താരമായി തിരഞ്ഞെടുത്തതും ഹസാര്‍ഡിനെ ആയിരുന്നു.

 

 

 

Top