ആറ് വര്‍ഷത്തെ കരാര്‍ ; ബെല്‍ജിയം ഗോള്‍ കീപ്പര്‍ റിയല്‍ മാഡ്രിഡിലേക്ക്

മാഡ്രിഡ്: ആറ് വര്‍ഷത്തെ കരാറില്‍ ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബോട്ട് കോര്‍ട്ടോ റിയല്‍ മാഡ്രിഡിലേക്ക്. ചെല്‍സില്‍ നിന്നാണ് താരം മാഡ്രിഡിലെത്തിയത്. 35 മില്ല്യണ്‍ യൂറോയും ക്രൊയേഷ്യന്‍ മധ്യനിരതാരം മറ്റിയോ കോവാസിച്ചിനേയും നല്‍കിയാണ് റയല്‍ കോര്‍ട്ടോയെ സ്വന്തമാക്കിയത്. ഒരു വര്‍ഷത്തെ ലോണിലാണ് കോവസിച്ച് റയലില്‍ ചെല്‍സിയില്‍ കളിക്കുക. കഴിഞ്ഞ ലോകകപ്പില്‍ മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയ താരമാണ് തിബോട്ട് കോര്‍ട്ടോ.

അത്ലറ്റിക് ബില്‍ബാവോ ഗോളി കെപ അരസിബലാഗയെ കഴിഞ്ഞ ദിവസം ചെല്‍സി റെക്കോഡ് തുകക്ക് സ്വന്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് കോര്‍ട്ടോയെ ക്ലബ് സ്വന്തമാക്കിയിരിക്കുന്നത്. കോര്‍ട്ടോയുടെ മെഡിക്കല്‍ ടെസ്റ്റ് നാളെ നടക്കും. തുടര്‍ന്ന് ഞായറാഴ്ച താരത്തെ റയല്‍ ഔദ്യോഗികമായി അവതരിപ്പിക്കും.

2011ല്‍ ചെല്‍സി സ്വന്തമാക്കിയ താരം ആദ്യ മൂന്നു സീസണുകളില്‍ ലോണടിസ്ഥാനത്തില്‍ അത്ലറ്റിക്കോ മാഡ്രിഡിനായായിരുന്നു കളിച്ചിരുന്നത്. പിന്നീട് ചെല്‍സിയുടെ ഒന്നാം നമ്പറുമായി. ചെല്‍സിക്കായി 126 മത്സരങ്ങളും അത്ലറ്റിക്കോ മാഡ്രിഡിനായി 111 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

കോര്‍ട്ടോ മാഡ്രിഡില്‍ എത്തുന്നതോടെ ഇപ്പോഴത്തെ ഗോള്‍ കീപ്പര്‍ കെയ്ലര്‍ നവാസ് രണ്ടാം നമ്പര്‍ ഗോള്‍ കീപ്പറാകും.

Top